മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനത്ത് നിന്നും രോഹിത് ശർമ മാറിയിട്ട് കാലമേറെയായി. എന്നാലും ഇപ്പോഴും അത്യാവശ്യ ഘട്ടത്തിൽ ടീമിന്റെ തീരുമാനമെടുക്കുന്നതിൽ നിർണായക പങ്കാണ് രോഹിത് വഹിക്കുന്നത്.
ഐപിഎല്‍ 2026ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് പ്ലെയിങ് ഇലവനിലോ ഇംപാക്ട് പ്ലെയര്‍ പട്ടികയിലോ രോഹിത് ഉണ്ടായിരുന്നില്ല. എന്നാല്‍, കളിക്കളത്തിന് പുറത്തിരുന്നിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
മത്സരത്തിനിടയിലെ ഇടവേളയില്‍ രോഹിത് ശര്‍മ ഗ്രൗണ്ടിലെത്തി ഉപനായകന്‍ സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക് പാണ്ഡ്യക്കും തന്ത്രങ്ങള്‍ ഉപദേശിച്ചു നല്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ടീമിനോടുള്ള രോഹിത്തിന്റെ ഈ അര്‍പ്പണബോധത്തെ ആരാധകര്‍ പ്രശംസ കൊണ്ട് മൂടുകയാണ്.
മത്സരത്തില്‍ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 22 പന്തില്‍ 19 റണ്‍സുമായി പതറി നില്‍ക്കുകയായിരുന്ന തിലകിനോട് സ്ട്രാറ്റജിക് ടൈം ഔട്ടില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ കടുത്ത സംഭാഷണമാണ് കളിയുടെ ഗതി മാറ്റിയത്. അതിനുശേഷം നേരിട്ട 23 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചുകൂട്ടിയ തിലക്, 45 പന്തില്‍ പുറത്താകാതെ 101 റണ്‍സ് തികച്ചു. എട്ട് ഫോറുകളും ഏഴ് സിക്സറുകളും അടങ്ങിയതായിരുന്നു ആ ഇന്നിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ ഗുജറാത്തിന് 15.5 ഓവറിൽ മുഴുവൻ വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമേ നേടാനായുള്ളൂ.
ഈ കൂറ്റൻ ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്കായി. യുവതാരങ്ങളുടെ കരുത്തിൽ മുംബൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Content highlights:mumbai indians rohit sharma guiding hardik-pandya ipl captaincy analysis