ബിസിസിഐ ഷെഡ്യൂളില്‍ ഗംഭീറിനും ഗില്ലിനും അതൃപ്തി

അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മത്സരത്തിന് റിസര്‍വ് താരങ്ങള്‍ പരിഗണനയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനെതിരേ ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തതില്‍ അതൃപ്തി രേഖപ്പെടുത്തി പരിശീലകന്‍ ഗൗതം ഗംഭീര്‍. മേയ് 31-നാണ് ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നത്. ജൂണ്‍ ആറിന് അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരം തുടങ്ങും. ഐപിഎല്‍ അവസാനിച്ച് ആറാം ദിവസം മത്സരം നടക്കുന്നതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കില്ലെന്നാണ് ഗംഭീറിന്റെ വാദം. ഇതേ അഭിപ്രായം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പ്രകടിപ്പിച്ചതായാണ് വിവരം. ബിസിസിഐയെ ഇരുവരും ഇക്കാര്യം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഐപിഎല്‍ പ്ലേഓഫില്‍ ഏതൊക്കെ ടീമുകള്‍ പങ്കെടുക്കുമെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ലെങ്കിലും പ്രധാന താരങ്ങളില്‍ പലരും ഉള്‍പ്പെട്ടേക്കാന്‍ സാധ്യതയേറെയാണ്. ഇത് പരിഗണിച്ച് ഇന്ത്യന്‍ സംഘത്തില്‍ റിസര്‍വ് താരങ്ങളെ വിന്യസിക്കേണ്ടി വരുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ ഗംഭീറും ഗില്ലും മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം പരിശോധിച്ചുവരികയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഗുര്‍ണുര്‍ ബ്രാര്‍, മാനവ് സുതാര്‍, ഔഖിബ് നബി, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റിന് പരിഗണിച്ചേക്കും. ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിര്‍ന്ന കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അഫ്ഗാനിസ്താനെതിരായ മത്സരം നിര്‍ണായകമല്ലാത്തതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാകും.

ഏകദിന മത്സരങ്ങളും ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുമാണ് ഇന്ത്യ പ്രധാന ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്താനെതിരേ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയുമുണ്ട്. അഫ്ഗാനിസ്താന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച വിജയം സ്വന്തമാക്കുകയെന്നാണ് ശുഭ്മാന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇതിന്, ഐപിഎലിന് ശേഷം ആവശ്യമായ വിശ്രമം അനിവാര്യമായിരുന്നുവെന്നും താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

content highlight: Gambhir and Gill dissatisfied with BCCI schedule

To advertise here,contact us