ആദ്യ മത്സരത്തിൽ വിജയത്തിന്റെ മാധുര്യം അറിഞ്ഞതിന് ശേഷം പിന്നീട് കളിച്ച നാല് മത്സരങ്ങളിലും തുടര്‍ തോല്‍വികളില്‍ പതറി നിൽക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ്. അതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം ഇന്നലെ ഗുജറാത്തിനെതിരെ വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. ആ വിജയത്തിൽ നിര്‍ണ്ണായകമായത് എംഐയുടെ ഇടങ്കയ്യന്‍ പേസര്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമായിരുന്നു. ഇപ്പോൾ ആ വിക്കറ്റ് നേട്ടത്തിൽ തന്നെ സഹായിച്ചതെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
'വിക്കറ്റുകൾ നേടാൻ തന്നെ സഹായിച്ചത് നായകൻ ഹർദിക് പാണ്ഡ്യയുമായുള്ള ആശയവിനിമയമായിരുന്നു, ഷോര്‍ട്ട് ബോളുകളും കൃത്യമായ ലെങ്തും പരീക്ഷിക്കാനുള്ള തീരുമാനം എടുത്തത് ഇരുവരും ചേർന്ന്', മത്സരശേഷം അശ്വനി വ്യക്തമാക്കി. 'അഹമ്മദാബാദിലേത് കറുത്ത മണ്ണുള്ള പിച്ചായതിനാല്‍ പന്ത് താഴ്ന്നു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളേക്കാള്‍ ഉപരി, പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാനാണ് ഞാൻ ശ്രമിച്ചത്', താരം കൂട്ടിച്ചേർത്തു.
ഗുജറാത്ത് നായകൻ ശുഭ്മാന്‍ ഗില്‍, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്, റാഷിദ് ഖാന് എന്നീ കരുത്തരായ മധ്യനിര ബാറ്റര്‍മാരെ പുറത്താക്കിയാണ് അശ്വനി ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചത്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ബെഞ്ചിലായിരുന്നു അശ്വനി, തന്റെ മടങ്ങിവരവില്‍ നാല് ഓവറിൽ 24 റണ്‍സിന് 4 വിക്കറ്റുകലാണ് വീഴ്ത്തിയത്.
ബാറ്റിംഗില്‍ 45 പന്തിൽ നിന്ന് തിലക് വർമ സെഞ്ച്വറിയും അശ്വനിയുടെ വിക്കറ്റ് വേട്ടയും കൂടിയായപ്പോൾ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഏപ്രിൽ 23-ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈയുടെ അടുത്ത മത്സരം.
Content highlight: Ashwani Kumar credits captain Hardik Pandya for four wicket haul against GT