'കൊൽക്കത്തയ്ക്ക് ഇന്ന് ചെന്നൈയെ തോൽപ്പിക്കാനായാൽ അത് വലിയ കാര്യം'; രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വച്ച് ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വച്ച് ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇറങ്ങുകയാണ്. ആദ്യ ജയത്തിനായി കൊതിക്കുന്ന കെകെആറും രണ്ടാം ജയത്തിനായി എത്തുന്ന സിഎസ്കെയും തമ്മിലുള്ള മത്സരത്തിന്റെ വിജയപ്രതീക്ഷകൾ പങ്കവച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ മത്സരത്തിലെ സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനവും അതിന് ഒത്ത പിന്തുണ നൽകികൊണ്ട് ബാറ്റ് വീശിയ ആയുഷ് മാത്രെയുടെയും ഫോമിലാണ് ആരാധകരുടെ പ്രതീക്ഷ.

'സ്പിന്നിനെതിരെ മികച്ച ബാറ്റിംഗ് നിരയാണ് ചെന്നൈക്കുള്ളത്. നായകൻ റുതുരാജ് ​ഗെയ്ക്വാദ്, സഞ്ജു സാംസൺ, ആയുഷ് മാത്രേ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ തുടങ്ങി ചെന്നൈയിലുള്ള സ്പിൻ ഹിറ്റേഴ്സാണ് അവരുടെ ശക്തി. ബാറ്റിങ് നിരയിലെ ഒട്ടുമിക്ക താരങ്ങളും സ്പിന്നിനെ അതിമനോഹരമായി തന്നെ ബൗണ്ടറി കടത്താൻ കെൽപ്പുള്ളവരുമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും വലിയ കരുത്താകട്ടെ അവരുടെ സ്പിന്നും. അതുകൊണ്ട് തന്നെ, വിജയ സാധ്യത കൂടുതലും ചെന്നൈക്കാണ്', അശ്വിൻ വ്യക്തമാക്കി. എന്നാൽ, ഇത് ഐപിഎല്ലാണെന്നും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ഇന്ന് ചെന്നൈയെ കൊൽക്കത്തയ്ക്ക് പരാജയപ്പെടുത്താനായാൽ അത് വലിയൊരു കാര്യമായിരിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീഴാത്ത ബാറ്റർമാരാണ് ചെന്നൈയുടെ കരുത്ത്. എന്നാൽ, സുനിൽ നരെയ്നെതിരെ സിഎസ്കെ താരം സഞ്ജു സാംസണിന് അത്ര നല്ല റെക്കോർഡുകൾ അല്ല ഉള്ളതെന്നത് ആശങ്കയാണ്. ചെന്നൈയിലെ സ്ലോ വിക്കറ്റിൽ ഈ സ്പിൻ പോരാട്ടം കാണാൻ തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്. എങ്കിലും, കൊൽക്കത്തയുടെ അപ്രതീക്ഷിത നീക്കങ്ങൾ മത്സരത്തെ മാറ്റിമറിച്ചേക്കാം. വൈകിട്ട് 7:30 -ന് ചെന്നൈയുടെ തട്ടകമായ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാവും മത്സരം അരങ്ങേറുന്നത്.

Content highlight: R Ashwin's prediction on today's CSK vs KKR match

To advertise here,contact us