കാല് ബൗണ്ടറിയിൽ തട്ടിയിട്ടും ഫിൻ അലനെ മടക്കി അയച്ചു; ആവേശം കെടുത്തി അംപയറിങ് പിഴവുകൾ

ഐപി എല്ലിൽ വീണ്ടും അംപയറിങ് വിവാദം.

ഐപി എല്ലിൽ വീണ്ടും അംപയറിങ് വിവാദം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ തേര്‍ഡ് അമ്പയറുടെ തെറ്റായ തീരുമാനം വലിയ വിവാദത്തിന് തിരിതെളിച്ചു.

കൊല്‍ക്കത്ത ഓപ്പണര്‍ ഫിന്‍ അലനാണ് മോശം തീരുമാനത്തിലൂടെ പുറത്തായത്. മത്സരത്തിലെ രണ്ടാം ഓവറിലായിരുന്നു സംഭവം. പ്രിന്‍സ് യാദവ് എറിഞ്ഞ പന്തില്‍ ഫിന്‍ അലന്‍ അടിച്ച ഷോട്ട് തേര്‍ഡ് മാന്‍ ദിശയിലേക്ക് ഉയര്‍ന്നുപൊങ്ങി.

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന ദിഗ്വേഷ് രതി പന്ത് പിടിക്കുമ്പോള്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയര്‍ കെ എന്‍ അനന്തപദ്മനാഭന്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെ തന്നെ ഔട്ട് വിധിക്കുകയായിരുന്നു.

റീപ്ലേകളില്‍ ദിഗ്വേഷിന്റെ ഇടതുകാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയത് വ്യക്തമായി കണ്ടിട്ടും തേര്‍ഡ് അമ്പയര്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് പരിശോധനയ്ക്കായി എടുത്തത്.

ഈ സീസണില്‍ ഇത് ആദ്യമായല്ല അമ്പയറിംഗ് വിവാദത്തിലാകുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാന്‍ ഫില്‍ സാള്‍ട്ട് എടുത്ത ക്യാച്ചും ഇത്തരത്തില്‍ വിവാദമായിരുന്നു. അന്നും ദൃശ്യങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കാതെ ഫീല്‍ഡിംഗ് ടീമിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്.

Content highlights: finn allen dismissal umpiring error out controversy

To advertise here,contact us