'രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു'; KKR നായകനെതിരെ തുറന്നടിച്ച് മുൻ താരങ്ങൾ

ഈഡൻ ഗാർഡൻസിൽ സാധാരണയായി ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാറാണ് പതിവ്.

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ തീരുമാനത്തെ വിമർശിച്ച് മുന്‍താരങ്ങള്‍. മഴ ഭീഷണിയുള്ള സാഹചര്യത്തിൽ ബൗളിംഗ് തിരഞ്ഞെടുക്കുന്നതിന് പകരം ബാറ്റിംഗിന് ഇറങ്ങിയ രഹാനെയുടെ തീരുമാനത്തിനെതിരെ അനിൽ കുംബ്ലെ, ആർ. അശ്വിൻ അടക്കമുള്ള മുന്‍ താരങ്ങൾ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഈഡൻ ഗാർഡൻസിൽ സാധാരണയായി ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാറാണ് പതിവ്. അവിടെ സ്കോർ പ്രതിരോധിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ഇതിനുപുറമെ, മത്സരത്തിന് മഴ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായിരുന്നു. ഡക്ക്‌വർത്ത് ലൂയിസ് നിയമം പരിഗണിക്കുമ്പോൾ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനായിരിക്കും കൂടുതൽ മുൻ‌തൂക്കം. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കെയാണ് രഹാനെ ബാറ്റിംഗ് തിരഞ്ഞെടുത്തത്.

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഫിൻ അലനെയും കാമറൂൺ ഗ്രീനിനെയും നഷ്ടമായതോടെ രഹാനെയുടെ തീരുമാനം തെറ്റാണെന്ന് തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ മഴയെത്തി കളി തടസപ്പെടുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് കുംബ്ലെ പറഞ്ഞു.

മഴ സാധ്യതയുള്ള മത്സരത്തിൽ, പരിചയസമ്പന്നരായ ബൗളർമാരുടെ അഭാവമുള്ളപ്പോൾ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുന്നത് കൗതുകകരമായ ചിന്താഗതിയാണെന്ന് അശ്വിൻ എക്‌സിൽ കുറിച്ചു. ഈ തീരുമാനത്തിന് പിന്നിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുന്‍ താരം സാബാ കരീമും പറഞ്ഞു.

Content highlights: former cricketers criticize kkr captain ajinkya rahane decisions ipl 2026

To advertise here,contact us