'രൺവീർ, ഈ സിനിമയോടെ നീ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു'; 'ധുരന്ധർ 2' റിവ്യൂവുമായി വിരാട് കോഹ്‌ലി

താന്‍ കണ്ടതിൽ വച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമാനുഭവം എന്നായിരുന്നു ധുരന്ധര്‍-2വിനെ കോഹ്‌ലി വിശേഷിപ്പിച്ചത്.

റിലീസ് ചെയ്തതിന് പിന്നാലെ തന്നെ വൻ തരംഗമായി മാറിയ സിനിമയായിരുന്നു 'ധുരന്ധർ 2'. ഇപ്പോൾ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി. സിനിമ കണ്ടതിന് ശേഷം താരം തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. താന്‍ കണ്ടതിൽ വച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമാനുഭവം എന്നായിരുന്നു ധുരന്ധര്‍-2വിനെ കോഹ്‌ലി വിശേഷിപ്പിച്ചത്.

ചിത്രത്തിന്‍റെ സംവിധായകൻ ആദിത്യ ധറിനെയും നായകൻ രൺവീർ സിംഗിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. 'ഇന്ന് ഞാൻ ആ ചിത്രം കണ്ടു. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാ അനുഭവമായിരുന്നു ഇത്. ഏകദേശം 4 മണിക്കൂർ നീണ്ട സിനിമയ്ക്കിടയിൽ ഒരുതവണ പോലും കണ്ണുചിമ്മാതെ ഞാനിരുന്നു. എല്ലാവിധ വികാരങ്ങളും ഈ ചിത്രം പുറത്തുകൊണ്ടുവരുന്നുണ്ട്', കോഹ്‌ലി കുറിച്ചു. സംവിധായകൻ ആദിത്യ ധറിനെ 'ജീനിയസ്' എന്ന് വിശേഷിപ്പിച്ച കോഹ്‌ലി, അദ്ദേഹത്തിന്‍റെ കഴിവും ദൃഢനിശ്ചയവുമാണ് സിനിമയിൽ പ്രതിഫലിച്ചതെന്നും കൂട്ടിച്ചേർത്തു.

ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പറഞ്ഞ കോഹ്‌ലി രൺവീർ സിംഗിന്‍റെ പ്രകടനം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നുവെന്ന് പുകഴ്ത്തി. 'രൺവീർ, ഈ സിനിമയോടെ നീ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. നിന്‍റെ പ്രകടനം അസാമാന്യമെന്നെ വിശേഷിപ്പിക്കാനാവു', കോഹ്‌ലി കുറിച്ചു.

Content highlight: Best cinematic experience in India Virat Kohli about Dhurandhar 2

To advertise here,contact us