'ഇനി അവനെ കളിപ്പിക്കരുത്'; ചെന്നൈ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ചെന്നൈയുടെ ടീം കോമ്പിനേഷൻ അടിമുടി അബദ്ധമാണെന്നും ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ തെറ്റാണെന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ തുറന്നടിച്ചു.

ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റിനും താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ ടീം ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്‌. ചെന്നൈയുടെ ടീം കോമ്പിനേഷൻ അടിമുടി അബദ്ധമാണെന്നും ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ തെറ്റാണെന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ തുറന്നടിച്ചു.

ആർസിബിക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ 36 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനാകാതെ പോയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്കെതിരെയാണ് ശ്രീകാന്ത് വലിയ വിമർശനം ഉന്നയിച്ചത്.

സിഎസ്‌കെയുടെ ടീം കോമ്പിനേഷൻ തുടക്കം മുതൽക്കേ വലിയ അബദ്ധമാണ്. മാറ്റ് ഹെന്‍റിക്ക് പകരം അക്കീൽ ഹൊസൈനെ കളിപ്പിക്കണമെന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്. എന്നാൽ എന്തിനാണ് മാറ്റ് ഹെൻറിയെ തന്നെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത്. ഹെൻറിയെ ടീമിലെടുക്കേണ്ട കാര്യമില്ലായിരുന്നു. ഇനി ഒരിക്കൽ പോലും ഹെന്‍റിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞു.

ഈ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 ഇക്കോണമിയിൽ വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ഹെൻറിക്ക് നേടാനായത്. 2 കോടി രൂപയ്ക്കാണ് ഈ ലേലത്തിൽ സിഎസ്‌കെ ഹെൻറിയെ സ്വന്തമാക്കിയത്.

നിലവിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് തോൽവിയുമായി ടേബിളിൽ അവസാന സ്ഥാനക്കാരാണ് ചെന്നൈ. നെറ്റ് റൺ റേറ്റും വളരെ കുറവാണ്. ഇനിയുള്ള മത്സരങ്ങളിൽ കൂടി തിരിച്ചുവന്നില്ലെങ്കിൽ പ്ളേ ഓഫ് സാധ്യതയും ഇല്ലാതെയാകും. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായാണ് ചെന്നൈ ഫിനിഷ് ചെയ്തിരുന്നത്.

Content highlights:k srikkanth slams csk player performance

To advertise here,contact us