'പൂർണ ഉത്തരവാദിത്തം എന്റേതാണ്'; ബെംഗളൂരുവിനെതിരായ പരാജയത്തില്‍ പ്രതികരിച്ച് ക്യാപ്റ്റൻ റുതുരാജ്‌

ആർസിബിക്കെതിരെ ഓപ്പണറായി ഇറങ്ങിയ ചെന്നൈ ക്യാപ്റ്റൻ മൂന്ന് പന്തിൽ ഏഴ് റൺസെടുത്താണ് മടങ്ങിയത്

ഇന്ത്യൻ പ്രീമിയർ‌ ലീ​ഗിൽ സീസണിൽ ഹാട്രിക് പരാജയം വഴങ്ങിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിം​ഗ്സ്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 43 റൺസിന് അടിയറവ് പറഞ്ഞ ചെന്നൈ സീസണിലെ മൂന്ന് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

ഇപ്പോഴിതാ ബെം​ഗളൂരുവിനെതിരായ പരാജയത്തിന് ശേഷം പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാദ്. ഈ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നാണ് റുതു മത്സരത്തിന് ശേഷം പ്രതികരിച്ചത്. ആർസിബിക്കെതിരെ ഓപ്പണറായി ഇറങ്ങിയ ചെന്നൈ ക്യാപ്റ്റൻ മൂന്ന് പന്തിൽ ഏഴ് റൺസെടുത്താണ് മടങ്ങിയത്. തനിക്ക് മികച്ച രീതിയിൽ‌ തുടങ്ങാമായിരുന്നുവെന്ന് സമ്മതിച്ച റുതു സർഫറാസ് ഖാൻ അടക്കമുള്ള ബാറ്റർമാരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

'സത്യത്തിൽ ഞാനും അത്ഭുതപ്പെട്ടിരിക്കുകയാണ്. സർഫറാസ്, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, ശിവം ദുബെ എന്നിവർ മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചു. ടോപ് ഓർഡറിൽ എനിക്ക് കൂടൂതൽ റൺസ് നേടാമായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് ചേസ് ചെയ്ത് വിജയിക്കാമായിരുന്നു. അതുകൊണ്ടുതന്നെ ഈ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തവും എന്റെതാണ്', റുതുരാജ് മത്സരശേഷം പറഞ്ഞു.

RUTURAJ GAIKWAD 🗣️ "If I would have contributed more, maybe it could have been different - The loss was definitely on me today". pic.twitter.com/2BotYwwSar

തുടർച്ചയായ മൂന്ന് മത്സരത്തിലും വലിയ തോൽവിയാണ് സിഎസ്കെയ്ക്ക് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന് പരാജയം വഴങ്ങിയ ചെന്നൈ പഞ്ചാബ് കിം​ഗ്സിനെതിരായ രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനും അടിയറവ് പറഞ്ഞിരുന്നു. തോല്‍വിയോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി.

Content Highlights: IPL 2026: ‘It’s on me’: Ruturaj Gaikwad takes full blame after CSK’s loss against RCB

To advertise here,contact us