ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന്. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ പഞ്ചാബ് കിങ്സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു സാംസൺ ഇറങ്ങുന്നു എന്നത് തന്നെയാണ് മത്സരത്തിലെ സവിശേഷത. പരിക്കേറ്റ എംഎസ് ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ ധോണി കളത്തിന് പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക് തന്നെയാകും. ആദ്യമത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
മുൻ വർഷങ്ങളിലെ മത്സരങ്ങൾ എടുത്ത് നോക്കുമ്പോൾ ചെന്നൈയ്ക്കാണ് മുൻതൂക്കമെങ്കിലും, സമീപകാലത്തെ പ്രകടനങ്ങൾ പഞ്ചാബ് കിംഗ്സിന് അനുകൂലമാണ്. പരസ്പരമുള്ള പോരിന്റെ കണക്ക് നോക്കുമ്പോൾ ഇരു ടീമുകളും 16 ജയം വീതം നേടി സമാസമം നിൽക്കുകയാണ്. മാത്രമല്ല, അവസാന ഏഴ് മത്സരങ്ങളിൽ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു. ചേപ്പോക്കിലെ ചെന്നൈയുടെ 'കോട്ട'യിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുമ്പോൾ, സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കുക മാത്രമായിരിക്കും സിഎസ്കെയുടെ ലക്ഷ്യം. 2023, 2024, 2025 സീസണുകളിൽ ചെന്നൈയിൽ വെച്ച് ചെന്നൈയെ തോൽപ്പിച്ച ഏക ടീമെന്ന റെക്കോർഡും പഞ്ചാബിന് അവകാശപ്പെട്ടതാണ്.
ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് പഞ്ചാബ് സീസൺ തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നാം നമ്പറിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൂപ്പർ കോണോലി ടീമിന് ഈ സീസണിൽ വലിയ മുതൽക്കൂട്ട് തന്നെയാകും. നായകൻ ശ്രേയസ് അയ്യർ പരിക്കിന്റെ ആശങ്കകൾ അകറ്റി ടീമിലേക്ക് തിരിച്ചെത്തുന്നതും പഞ്ചാബിന് ആത്മവിശ്വാസം പകരുന്നു.
Content highlights: All eyes on the Chettan, Sanju Samson Chepauk debut against Punjab Kings