ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ടുകൊണ്ടാണ് ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയത്. അതിന് പിന്നാലെ ആരാധകരുടെ വിമർശന പ്രവാഹമാണിപ്പോൾ. പ്രധാനമായും നായകൻ ശുഭ്മാൻ ഗില്ലിനെതിരെയാണ് ആരാധകർ തിരിഞ്ഞിരിക്കുന്നത്. ജയിക്കാവുന്ന മത്സരം കൈവിട്ടു കളഞ്ഞതിന് പിന്നിൽ നായകൻ ഗില്ലിന്റെ മോശം ക്യാപ്റ്റൻസി തീരുമാനങ്ങളാണെന്നാണ് വിമർശനം. ഗില്ലിന്റെ തന്ത്രങ്ങൾ അപ്പാടെ പാളിയപ്പോൾ പഞ്ചാബ് ബാറ്റർമാർക്ക് ഗുജറാത്ത് ബൗളർമാരെ അനായാസം അടിച്ച് പറത്താൻ സാധിച്ചെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
മത്സരത്തിൽ ബൗളിങ്ങിന്റെ കാര്യത്തിൽ ഗില്ലെടുക്കുന്ന തീരുമാനങ്ങളാണ് പ്രധാനമായും വിമർശനങ്ങൾക്ക് വഴിവച്ചത്. പവർപ്ലേക്ക് ശേഷം ടീമിലെ പ്രധാന പേസറായ മുഹമ്മദ് സിറാജിന് ഒരോവർ പോലും എറിയാൻ നൽകാതിരുന്ന തീരുമാനം ആരാധകരെ അമ്പരപ്പിച്ചു. എറിഞ്ഞ ആദ്യ രണ്ട് ഓവറുകളിൽ റൺസ് വഴങ്ങി പതറിയ നിന്ന അശോക് ശർമയ്ക്ക് വീണ്ടും മൂന്നാമൂഴം നൽകിയ തീരുമാനം തികച്ചും ആത്മഹത്യാപരമായിരുന്നു. അവിടെയും തീരുന്നില്ല, റൺസ് വിട്ടുകൊടുക്കുന്നതിൽ 'പ്രശസ്തനായ' പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസാന ഓവറുകൾ (19-ാം ഓവർ) നൽകിയതും തോൽവിക്ക് ആക്കം കൂട്ടുന്ന തീരുമാനം തന്നെയായിരുന്നു. വെറും 2 റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന അവസാന ഓവർ എറിയാൻ വാഷിംഗ്ടൺ സുന്ദറിനെ ഏൽപ്പിച്ചപ്പോൾ എന്താണ് യഥാർത്ഥത്തിൽ ക്യാപ്റ്റന്റെ തന്ത്രമെന്ന് ആരാധകർ ചിന്തിച്ചിട്ടുണ്ടാകും.
സാധാരണയായി ബൗണ്ടറി ലൈനിന് അരികിൽ നിന്ന് ഓരോ പന്തിലും ആശിഷ് നെഹ്റ നിർദ്ദേശങ്ങൾ നൽകിയിരുന്നു, പക്ഷെ ഇന്നലെ അദ്ദേഹം നിശബ്ദനായിരുന്നു. നെഹ്റയുടെ ഇടപെടലുകൾ ഇല്ലായെങ്കിൽ ഗില്ലിന് കളിക്കളത്തിൽ കൃത്യതയോടെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇന്നലത്തെ മത്സരംനിന്ന് തന്നെ വ്യക്തമാണ്. നായകന്മാരുടെ മികച്ച നീക്കങ്ങൾ കൊണ്ട് പല വിശേഷണങ്ങളും ആരാധകർ താരങ്ങൾക്ക് നൽകാറുണ്ട്. ഗില്ലിന്റെ പ്രകടനത്തിൽ 'ക്ലൂലെസ്സ്' ആയ ഒരു നായകനെയാണ് ഇന്നലെ മൈതാനത്ത് കണ്ടതെന്ന് ആരാധകർ കുറിച്ചു. വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുള്ള ബൗളർമാരെ കൃത്യമായി ഉപയോഗിക്കാത്തത് ഗുജറാത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ട്.
ഗില്ലിന്റെ ക്യാപ്റ്റൻസി മാത്രമല്ല, താരത്തിന്റെ ബാറ്റിങ്ങും വിമർശന വിധേയമാകുന്നുണ്ട്. പഞ്ചാബിനെതിരെ 39 റൺസ് നേടിയെങ്കിലും താരത്തിന്റെ മെല്ലെപ്പോക്ക് ആരാധകർക്കിടയിൽ അമർഷമുണ്ടാക്കിയത്. ടി20 ലോകകപ്പില്‍ നിന്നും ചീട്ട് കീറിയപ്പോള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിക്കാന്‍ ഐപിഎല്ലിലെ ആദ്യ കളിയില്‍ തന്നെ കിടിലനൊരു ഇന്നിങ്സ് ശുഭ്മന്‍ ഗില്ലിനു ആവശ്യമായിരുന്നു. പക്ഷെ പഴയ ടി20 ബാറ്റിങ് ശൈലിയില്‍ നിന്നും താന്‍ അല്‍പ്പം പോലും മുന്നോട്ടു പോയിട്ടില്ലെന്നു അദ്ദേഹം വീണ്ടും കാണിച്ചു തന്നു. ഒരു സിക്സർ പോലും ഇന്നിങ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്നിങ്സിന്റെ തുടക്കം മുതലേ ബൗണ്ടറികൾ പായിക്കുന്നതിലായിരുന്നു ഗില്ലിന്റെ ശ്രദ്ധ. സിക്സ് പായിക്കാൻ ഉദ്ദേശിച്ചുകൊണ്ട് അടിച്ച ഷോട്ടാകട്ടെ, ഫീൽഡറുടെ കയ്യിൽ ഭദ്രമായി എത്തുകയും ചെയ്തു. ഇതോടെ, ഇനി ഗുജറാത്തിന്റെ ഭാവി എന്താകും എന്ന ആശങ്ക ആരാധകരിൽ പടർന്ന് കൂടി കഴിഞ്ഞു. ഗില്ലിന്റെ ക്യാപ്റ്റൻസിയും ബാറ്റിങ്ങും ഇംപ്രൂവ് ആയാൽ മാത്രമേ ടീമിന്റെ സീസണിലെ മികച്ച ഒരു മുന്നോട്ടുപ്പോക്ക് സാധ്യമാകൂ.
Content highlights: Shubman Gill critisizes over bad captaincy against Punjab Kings in IPL 2026