'അഭിഷേകിനെ മാറ്റരുത്'; ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

നാളെ വൈകീട്ട് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം നടക്കുന്നത്.

ലോകകപ്പ് സെമിപോരാട്ടത്തിൽ നാളെ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടുമ്പോൾ പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തരുതെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര.

ഓപ്പണര്‍ സ്ഥാനത്ത് അഭിഷേക് ശര്‍മയെ നിലനിര്‍ത്തണമെന്ന് വ്യക്തമാക്കിയ ആകാശ് ചോപ്ര സ്പിൻ നിരയിൽ വരുൺ ചക്രവർത്തിയെ മാറ്റി കുൽദീപിനെ കൊണ്ടുവരണമെന്ന നിര്‍ദേശത്തെയും എതിര്‍ത്തു.

വാംഖഡെയിൽ മഞ്ഞുവീഴ്ച വലിയൊരു ഘടകമാണ്. അവിടെ ഒരു അധിക സ്പിന്നറെ കളിപ്പിക്കുക സാധ്യമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വരുൺ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത് എന്നത് ശരിയാണ്. എങ്കിലും അദ്ദേഹം ഇപ്പോഴും ടി20 റാങ്കിംഗിൽ ഒന്നാമനാണ്. മികച്ച താരങ്ങൾക്ക് എങ്ങനെ തിരിച്ചുവരണമെന്ന് അറിയാം. അതുകൊണ്ട് തന്നെ വരുണിനെ മാറ്റേണ്ടതില്ല, ചോപ്ര പറഞ്ഞു.

.അഭിഷേക് ഒരു 'സ്ലോഗർ' മാത്രമാണെന്ന മുൻ പാക് താരം മുഹമ്മദ് അമീറിന്‍റെ പ്രസ്താവനയോടും ചോപ്ര വിയോജിച്ചു.അഭിഷേക് വെറുമൊരു സ്ലോഗറല്ല. സ്ലോഗർമാർ സാധാരണയായി ലെഗ് സൈഡിലേക്കാണ് അടിക്കുക. എന്നാൽ അഭിഷേക് ഓഫ് സൈഡിലും സ്ട്രെയ്റ്റ് ഷോട്ടുകളും മനോഹരമായി കളിക്കും. കൃത്യമായ ടെക്നിക് ഇല്ലാതെ അത്തരം ഷോട്ടുകൾ കളിക്കാനാവില്ല. ഈ ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം നേടിയ 135 റൺസ് ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്, ചോപ്ര കൂട്ടിച്ചേർത്തു. മറ്റ് ടീമുകൾ അഭിഷേകിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ ഭയപ്പെടുന്നുണ്ടെന്നും അതിനാൽ ഓപ്പണിംഗിൽ മാറ്റം വരുത്തേണ്ടതില്ലെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

നാളെ വൈകീട്ട് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് സെമി പോരാട്ടം നടക്കുന്നത്. ഇന്ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ന്യൂസിലാൻഡ്- സൗത്താഫ്രിക്ക സെമി വിജയികളെയാകും ഫൈനലിലെത്തിയാൽ ഇന്ത്യ നേരിടേണ്ടി വരിക.

Content Highlights: aakash chopra india playing xi vs england semi final 2026

To advertise here,contact us