

2026 ടി20 ലോകകപ്പില്‍ ശീലങ്കയ്ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ നിര്‍ണായക സെഞ്ച്വറി അടിച്ചെടുത്തിരിക്കുകയാണ് പാകിസ്താൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ. 59 പന്തിൽ 100 റൺസെടുത്ത ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ ചരിത്ര നേട്ടങ്ങളും സാഹിബ്സാദ ഫർഹാൻ സ്വന്തം പേരിലെഴുതിച്ചേർത്തു.
ടി20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡാണ് ഫര്ഹാന് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെയാണ് ഫര്ഹാന് മറികടന്നത്. ശ്രീലങ്കയ്ക്കെതിരെ ബൗണ്ടറിയടിച്ച് 40 റണ്‍സ് പിന്നിട്ടതോടെ ഈ ലോകകപ്പിൽ ഫര്‍ഹാന്റെ റൺസ് സമ്പാദ്യം 323 റണ്‍സിലെത്തി. 2014 ലോകകപ്പില്‍ 319 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഫര്ഹാന് തകര്‍ത്തത്.
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുക്കുന്ന പാക് താരമെന്ന റെക്കോര്‍ഡും ഇനി 29കാരന് ഫര്ഹാന് സ്വന്തമാക്കി. 2021 ലോകകപ്പില്‍ 303 റണ്‍സ് നേടി ബാബര്‍ അസം കുറിച്ച റെക്കോര്‍ഡാണ് ഫര്ഹാന് പഴങ്കഥയാക്കിയത്.
ടൂർണമെന്റിൽ ഫർഹാൻ സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ നമീബിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലും ഫർഹാൻ പാകിസ്താന് വേണ്ടി സെഞ്ച്വറി കുറിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരെയും മൂന്നക്കം തികച്ചതോടെ ഒരു ലോകകപ്പ് എഡിഷനിൽ രണ്ട് സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഫർഹാൻ.
ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള രണ്ടാമത്തെ മാത്രം താരമാണ് സാഹിബ്സാദ ഫർഹാൻ. റെക്കോർഡിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനൊപ്പമാണ് പാക് താരം എത്തിയിരിക്കുന്നത്. 2007, 2018 ലോകകപ്പുകളിലാണ് ഗെയ്ൽ രണ്ട് സെഞ്ച്വറി നേടിയത്.
Content Highlights: SL vs PAK: Sahibzada Farhan creates history in T20 World Cup, breaks Virat Kohli's record