

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്വെക്കെതിരായ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വഴങ്ങേണ്ടിവന്ന ദയനീയ പരാജയത്തിൽ നിന്ന് തിരിച്ചുവരവ് നടത്താൻ ടീം തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.
സിംബാബ്വെക്കെതിരെ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിൽ വമ്പൻ അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത. തിലകും അഭിഷേകും മോശം ഫോമിലായതിനാൽ സിംബാബ്വെയ്ക്കെതിരായ നിർണായകപോരാട്ടത്തിൽ മലയാളി താരം സഞ്ജു സാസംണെ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. ഇപ്പോഴിതാ സഞ്ജു ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ കളിച്ചേക്കുമെന്ന സൂചനകള്‍ ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം നെറ്റ് സെഷനില്‍ ഏറെ നേരം സഞ്ജു പരിശീലനം നടത്തി. നിർണായക മത്സരത്തിന് മുന്നോടിയായി ഐസിസി ഇന്ത്യൻ ടീമിന്റെ പരിശീലനത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. സഞ്ജുവിനൊപ്പം ഇഷാന് കിഷന്, തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരും ഏറെ നേരം ബാറ്റിങ് പരിശീലിച്ചു. സിംബാബ്വെയ്ക്കെതിരെ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ഇതായിരിക്കാമെന്നാണ് ആരാധകർ കരുതുന്നത്.
അഭിഷേക് ശര്‍മ അധിക നേരം ബാറ്റിങ് പരിശീലിച്ചില്ലെങ്കിലും താരം നെറ്റ്സില്‍ പന്തെറിഞ്ഞിരുന്നു. സഞ്ജു തിരിച്ചെത്തിയാല്‍ മോശം ഫോമിലുള്ള തിലക്, അഭിഷേക് എന്നിവരില്‍ ഒരാള്‍ സ്വഭാവികമായും പുറത്തുപോകേണ്ടി വരും. തിലക് പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു സൂചനകള്‍.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടാതെ പോയ അക്ഷർ പട്ടേലും കഴിഞ്ഞ ദിവസം നടന്ന പ്രാക്ടീസ് സെക്ഷനിൽ പങ്കെടുത്തിരുന്നു. ഇതോടെ ടീമിൽ അഴിച്ചു പണി ഉണ്ടാകുമെന്ന് ഉറപ്പായി. ഇതിനിടെ പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് റിങ്കു സിങ് ഇന്ത്യൻ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ താരം സിംബാബ്വെയ്ക്കെതിരെ ഇറങ്ങുന്ന കാര്യത്തിൽ വ്യക്തതയില്ല.
Content Highlights: IND vs ZIM: Sanju Samson and Ishan Kishan to open in Chennai? Video of IND's Nets Drops Huge Hint