ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പോര്; മുൻതൂക്കം ഇന്ത്യയ്ക്ക്; കണക്കുകളിങ്ങനെ!

ഇതുവരെ 35 ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്

ടി 20 ലോകകപ്പ് 2026 സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണമുള്ള പോരാട്ടത്തിന് രാത്രി ഏഴ് മണി മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകും. 2024 ഫൈനലിൽ അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ കിരീടം നേടിയിരുന്നു.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളുടെയും വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ എന്നീ ടീമുകളെ തകര്‍ത്ത് അപരാജിതരായാണ് ഇന്ത്യ വരുന്നത്. മറുവശത്ത് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ എന്നിവരെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും കരുത്ത് തെളിയിച്ചു കഴിഞ്ഞു.

ഇതുവരെ 35 ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം ഇന്ത്യ 21 മത്സരങ്ങള്‍ ജയിച്ചു. ദക്ഷിണാഫ്രിക്ക ജയിച്ചത് 13 മത്സരങ്ങളില്‍. ഒരു മത്സരം ടൈ ആയി അവസാനിച്ചു.

2007 ലോകകപ്പിലെ നിര്‍ണായക വിജയം, 2014 സെമി ഫൈനലിലെ വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനം (72*), ഒടുവില്‍ 2024 ഫൈനലിലെ ആവേശകരമായ വിജയം എന്നിവ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടങ്ങളിലെ സവിശേഷ നിമിഷങ്ങളാണ്.

ലോകകപ്പില്‍ ഇരുവരും ഏഴ് തവണ നേര്‍ക്കുനേര്‍ വന്നു. അതില്‍ അഞ്ച് തവണയും ഇന്ത്യയാണ് ജയിച്ചത്. രണ്ട് ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. എട്ടാം തവണ ഏറ്റുമുട്ടുമ്പോൾ ആര് വിജയക്കൊടി പാറിക്കും?, കണ്ടറിയാം.

Content highlights:T20 Worldcup ; India vs Southafrica; Head to Head Records

To advertise here,contact us