ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സൂപ്പർ എട്ട് പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന സൂചന നൽകി ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പ് 2026-ലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഷേക് ശർമയുടെ ഫോമിൽ തത്കാലം ആശങ്കയില്ലെന്നും സൂപ്പർ എട്ടിലും താരം തന്നെ തുടരുമെന്നും സൂര്യ പറഞ്ഞു. അതുകൊണ്ട് തന്നെ അഭിഷേകിനെ മാറ്റി സഞ്ജുവിനെ ഇറക്കാൻ തത്കാലം സാധ്യതയില്ലെന്നും സൂര്യ വ്യക്തമാക്കി.
'ഞങ്ങള്‍ക്ക് ആശങ്കകളൊന്നുമില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരെ ഓര്‍ത്താണ് എനിക്ക് വിഷമം. ഇതൊരു ടീം ഗെയിമാണ്. കഴിഞ്ഞ വര്‍ഷം അവന് ടീമിനെ തോളിലേറ്റിയതാണ്, ഇപ്പോള്‍ അവന് വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു.' സൂര്യ പറഞ്ഞു.
സഞ്ജു സാംസണ് ടീമിലെത്തുമോ എന്നുള്ള ചോദ്യത്തിന് സൂര്യ മറുപടി നല്കി. ക്യാപ്റ്റന്‍ വിശദീകരിച്ചതിങ്ങനെ… 'ഉയര്‍ന്ന സ്കോര്‍ കണ്ടെത്താനാണ് ടീം ശ്രമിക്കുന്നത്. അഭിഷേകിനും തിലകിനും ടീം മാനേജ്മെന്റ് പിന്തുണ നല്‍കുന്നുണ്ട്. ഇതില്‍ ആരേയാണ് മാറ്റുക? ടീം ജയിച്ചുകൊണ്ടിരിക്കുകയാണ്, അങ്ങനെയെങ്കില്‍ എന്തിനാണ് ടീം മാറ്റുന്നത്? ഈ ലോകകപ്പില്‍ പിച്ചുകള്‍ കുറച്ച് വ്യത്യസ്തമാണ്. വെല്ലുവിളികളെ നേരിടാന്‍ ടീം സജ്ജമാണ്' സൂര്യകുമാര്‍ മറുപടി നല്കി.
ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നേരിട്ട 8 പന്തുകളില്‍ ഒന്നില്‍ പോലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിട്ടില്ല. അമേരിക്കയ്ക്കെതിരെ അലി ഖാന്റെ പന്തില്‍ പുറത്തായി. പാകിസ്ഥാനെതിരെ സല്മാന് അലി അഗയുടെ ആദ്യ ഓവറില്‍ തന്നെ പുറത്താവുകയായിരുന്നു. നെതര്‍ലന്‍ഡ്സിനെതിരെ ആവട്ടെ ആര്യന് ദത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ നിന്നായി താരം അഞ്ച് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡും അഭിഷേകിന് പങ്കുവെക്കേണ്ടി വന്നു.
2025ല്‍ 21 മത്സരങ്ങളില്‍ നിന്ന് 193.46 സ്ട്രൈക്ക് റേറ്റില്‍ 859 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേകിന്റെ പഴയ പ്രകടനം കണക്കിലെടുത്താണ് ടീം അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.
Content highlights: Will Sanju be in the XI against South Africa?; Captain Suryakumar answers the question