ഇതിലും ഭേദം പൂട്ടിയിടുന്നത്, നഷ്ടമായത് ഗോള്‍ഡണ്‍ ചാന്‍സ്! സൂര്യക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം

വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് നമീബിയന്‍ ബാറ്റര്‍മാരെയാണ് അദ്ദേഹം പവലിയനില്‍ എത്തിച്ചത്

ട്വന്റി-20 ലോകകപ്പില്‍ നമീബിയക്കെതിരെയുള്ള മത്സരത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ട് ഓവര്‍ മാത്രം ബൗളിങ് നല്‍കിയതിന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞ വരുണ്‍ നമീബിയയുടെ നടുവൊടിച്ചു. വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് നമീബിയന്‍ ബാറ്റര്‍മാരെയാണ് അദ്ദേഹം പവലിയനില്‍ എത്തിച്ചത്.

എന്നാല്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കാനുള്ള വരുമിന്റെ അവസരം സൂര്യ നശിപ്പിച്ചു എന്നാണ് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നത്. ബൗളറെ മറ്റ് ടീമുകള്‍ക്ക് മുന്നില്‍ എക്‌സ്‌പോസ്ഡ് ആക്കാതിരിക്കുക എന്നുള്ളതാണ് ഇന്ത്യ ശ്രമിക്കുന്നതെങ്കില്‍ വരുണിനെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രീകാന്ത് പറഞ്ഞു.

'ബൗളറെ സംരക്ഷിക്കുക, മറ്റ് ടീമുകള്‍ക്ക് മുന്നില്‍ എക്‌സ്‌പോസ് ചെയ്യാതിരിക്കുക എന്നതൊക്കെ വിചിത്രമായ വാദങ്ങളാണ്. എങ്കില്‍ പിന്നെ അവനെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടത്. വരുണിന് ഇപ്പോള്‍ വലിയ വിഷമം കാണും. ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേടുക എന്നത് ചെറിയ കാര്യമല്ല. അവനെ എന്തിനാണ് ഒളിപ്പിച്ചു പിടിക്കുന്നത്. എല്ലാവരും അവന്റെ ബൗളിങ് ടിവിയില്‍ ആയിരം വട്ടം കണ്ടതാണ്. രണ്ട് ഓവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ അവന്‍ നമീബിയയെ എറിഞ്ഞൊതുക്കിയേനെ,'ശ്രീകാന്ത് പറഞ്ഞു.

സൂപ്പര്‍ പേസര്‍ ജ്‌സ്പ്രീത് ബുംറയെ പവര്‍പ്ലേയില്‍ നേരത്തെ എറിയിക്കാത്തതിനെതിരെയും ശ്രീകാന്ത് ആഞ്ഞടിച്ചു. പവര്‍പ്ലെയില്‍ നമീബിയിന്‍ താരങ്ങള്‍ തകര്‍ത്തടിച്ചപ്പോഴും ഇന്ത്യ ബുംറക്ക് പന്ത് നല്‍കിയില്ല. ഏഴാം ഓവറിലാണ് അദ്ദേഹം ബൗളിങ് എന്‍ഡിലെത്തിയത്. വരുണിനെ പോലെ ബുംറയെയും ഇന്ത്യ ഒളിപ്പിക്കുകയാണോ എന്നും ദ്ദേഹം ചോദിച്ചു.

നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ ബുംറ ഒരു വിക്കറ്റും നേടിയിരുന്നു. ആധികാരികമായി ഇന്ത്യ മത്സരം ജയിച്ചുവെങ്കിലും ഇത്തരം ടാക്റ്റിക്കല്‍ പിഴവുകള്‍ ടീമിന് പണിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights- Srikanth Slams Suryakumar Yadav for giving Varun chakravarthy only two overs

To advertise here,contact us