അരങ്ങേറ്റ മത്സരത്തിൽ ഗോൾഡൻ ഡക്ക്; നാണക്കേടിന്റെ റെക്കോർഡിൽ അഭിഷേകിന് കൂട്ടിന് ഗംഭീറുമുണ്ട്

അഭിഷേക് ശർമയുടെ ടി 20 ലോകകപ്പിലെ വെടിക്കെട്ട് കാണാൻ പ്രതീക്ഷിച്ചവരും നിരാശരായി

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ യു എസ് എക്കെതിരെ ഇന്ത്യ 29 റൺസിന്റെ വിജയം നേടിയിരിക്കുകയാണ്. പേരുക്കേട്ട മുൻ നിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

അഭിഷേക് ശർമയുടെ ടി 20 ലോകകപ്പിലെ വെടിക്കെട്ട് കാണാൻ പ്രതീക്ഷിച്ചവരും നിരാശരായി. അരങ്ങേറ്റ മത്സരത്തിൽ അമേരിക്കക്കെതിരെ ഗോൾഡൻ ഡക്കായി പുറത്തായി അഭിഷേക്. അലി ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് അഭിഷേക് ഡീപ് കവറില്‍ ക്യാച്ച് നല്‍കി മടങ്ങിയത്.

ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാവുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് അഭിഷേക് ശര്‍മ. നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീർ, ആശിഷ് നെഹ്റ, ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ഹൂഡ എന്നിവരാണ് ലോകകപ്പ് അരങ്ങേറ്റത്തില്‍ ഗോള്‍ഡന്‍ ഡക്കായ മറ്റ് ഇന്ത്യൻ ബാറ്റര്‍മാര്‍.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യക്കുമായി അഭിഷേകിന്‍റെ കരിയറിലെ 174-ാമത് ടി20 മത്സരമായിരുന്നു ഇന്നത്തേത്. കരിയറിൽ 12-ാം തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്താവുന്നത്. ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച 39 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ അഭിഷേകിന്‍റെ നാലാമത്തെ ഗോള്‍ഡന്‍ 'ഡക്ക്' ആണിത്.

ഏതായാലും നമീബിയയുമായുള്ള അടുത്ത മത്സരത്തിൽ താരത്തിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ. ഫെബ്രുവരി 12 നാൻ ഇന്ത്യ-നമീബിയ പോരാട്ടം.

Content Highlights:IND VS USA; Golden Duck at T20 Worldcup debue; abhishek sharma unwanted record with gautam gambhir

To advertise here,contact us