ലോകകപ്പ് ടീമില്‍ പാക് - അഫ്ഗാൻ വംശജര്‍; വിസ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്കോട്ട്ലന്‍ഡ്

2024 ടി20 ലോകകപ്പിൽ പങ്കെടുത്ത 11 താരങ്ങൾ ഇത്തവണയും ടീമിൽ

ബംഗ്ലാദേശ് കാരണം ലോട്ടറി അടിച്ചത് സ്കോട്ലാൻഡിനായിരുന്നു. യോഗ്യത മത്സരങ്ങൾ തോറ്റെങ്കിലും, ബംഗ്ലാദേശ് പിന്‍മാറിയതോടെ അവസാന നിമിഷം ടി20 ലോകകപ്പിലേക്ക് ക്ഷണം ലഭിച്ചവരാണ് അവർ. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ലോകകപ്പിനായുള്ള 15 അംഗ ടീമിനെയും അവർ പ്രഖ്യാപിച്ചു.

സ്കോട്ട്‌ലൻഡ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ടീം മാനേജ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. റിച്ചി ബെറിംഗ്ടൺ നയിക്കുന്ന ഈ ടീമിൽ 2024 ലെ ടി20 ലോകകപ്പിൽ പങ്കെടുത്ത 11 താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ പരിചയ സമ്പത്ത് ടീമിന് പ്രയോജനകരമാകും എന്നാണ് വിലയിരുത്തൽ. പുതിയ ഹെഡ് കോച്ച് ഓവൻ ഡോക്കിൻസിന്റെ നേതൃത്വത്തിലാണ് ടീം ലോകകപ്പ് മത്സരങ്ങൾക്കായി കളത്തിലിറങ്ങുക. 11 താരങ്ങൾ വീണ്ടും ഒരു ലോകകപ്പ് അങ്കത്തിന് ഒരുങ്ങുമ്പോൾ ടോം ബ്രൂസ്, ഫിൻലേ മക്രത്ത്, ഒലിവർ ഡേവിഡ്സൺ എന്നിവർക്ക് ഇത് അവരുടെ കന്നി ലോകകപ്പാണ്. അഫ്ഗാനിസ്താൻ വംശജനായ സൈനുള്ള ഇഹ്‌സാനും ഈ 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

അതെ സമയം, ലോകകപ്പ് പോരാട്ടങ്ങൾക്കായി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ വിസകൾ സമയബന്ധിതമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ സ്കോട്ട്ലൻഡ് ക്രിക്കറ്റ് മാനേജ്‌മെന്റ്. പാകിസ്ഥാൻ വംശജനായ പേസർ സഫ്യാൻ ഷരീഫിനെ ഉൾപ്പെടെ എല്ലാ താരങ്ങൾക്കും വേണ്ടിയുള്ള വിസ നടപടികൾ ഇതിനകം ആരംഭിച്ചും കഴിഞ്ഞു. സഫ്യാന്റെ പിതാവ് പാക് പൗരനും മാതാവ് ബ്രിട്ടീഷ് വനിതയുമാണ്. ഏഴാം വയസിൽ താരം സ്കോട്ലൻഡിൽ എത്തിയതാണെന്നും ടീം മാനേജ്‍മെന്റ് വിശദീകരിച്ചു. വിസ വൈകുന്ന സാഹചര്യമുണ്ടയാൽ ടീമിനെ മത്സരത്തിലിറക്കാൻ വേണ്ടി മുൻകരുതൽ എന്ന രീതിയിൽ റിസർവ് ടീം അംഗങ്ങളെയും സ്കോട്ട്ലാൻഡ് തയ്യാറാക്കിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലേയും, അണ്ടർ -19 തലത്തിലെയും മികച്ച പ്രകടനമാണ് അഫ്ഗാൻ വംശജനായ പേസർ സൈനുള്ള ഇഹ്‌സാന്റെ ലോകകപ്പിലേക്കുള്ള വാതിൽ തുറക്കാൻ ഇടയാക്കിയത്. വലം കയ്യൻ മീഡിയം ബൗളറായ സൈനുള്ളയ്ക്ക് പ്രായം 19 വയസ് മാത്രം. ഇംഗ്ലണ്ടിന്റെയും, അയർലാൻഡിന്റേയും അണ്ടർ 19 ടീമുകൾക്കെതിരെ കളിച്ചിട്ടുള്ള താരം നാല് മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളും നേടിയിട്ടുണ്ട്.ഗ്രൂപ്പ് സി-യിൽ ഇറ്റലി, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരാണ് സ്കോട്ട്‌ലൻഡിന്റെ എതിരാളികൾ.

Content highlights: 11 players who participated in the 2024 T20 World Cup are also in the team this time

To advertise here,contact us