ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പും ബംഗ്ലാദേശ് ക്രിക്കറ്റുമായി നിലനിൽക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബംഗ്ലാദേശ് താരം നജ്മൻ ഹുസൈൻ ഷാന്റോ. ക്രിക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ബംഗ്ലാദേശുമായി ഒരു ഔദ്യോഗിക മീറ്റിങ്ങും നടന്നിട്ടില്ലെന്നും താരങ്ങൾക്ക് ലോകകപ്പിൽ കളിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
'ഇതിനെ കുറിച്ച് സംസാരിക്കാൻ അധികം അവസരം ലഭിച്ചില്ല. ക്രിക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് ബംഗ്ലാദേശിൽ ഉൾപ്പെട്ട കളിക്കാരെല്ലാം തന്നെ മത്സരങ്ങളുമായി തിരക്കിലായിരുന്നു. അതിനൊപ്പം അടുത്തിടെ നടന്ന ചില കാര്യങ്ങൾ കളിക്കാർക്ക് മാനസികാമായി ബുദ്ധിമുട്ടുണ്ടാക്കി.
കളിക്കാരെന്ന നിലയിൽ ഞങ്ങൾക്ക് എപ്പോഴും കളിക്കണം എന്നാണ്. അതും ലോകകപ്പ് പോലെ ഒരു ഇവന്റാകുമ്പോൾ. ഇത്തരം ടൂർണമെന്റുകൾ അധികം സംഭവിക്കാറില്ല, ലോകകപ്പുകൾ അപൂർവമാണ്, പ്രത്യേകിച്ച് നാല് വർഷത്തിലൊരിക്കൽ വരുന്ന 50 ഓവർ ഫോർമാറ്റ്. നല്ല ക്രിക്കറ്റ് കളിക്കാനുള്ള ഒരു വലിയ അവസരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്,''ഷാന്റോ പറഞ്ഞു.
ആന്തരികമായി എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ശരിക്കും അറിയില്ല, അതിനാൽ അഭിപ്രായം പറയാൻ പ്രയാസമാണ്. പക്ഷേ കളിക്കാർ എന്ന നിലയിൽ തീർച്ചയായും കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
അതേസമയം വിഷയത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി അന്ത്യശാസനം നൽകിയിരുന്നു. വിഷയത്തിൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ ഐസിസി സമയം നൽകി. അതിനുള്ളിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്കോട്ട്ലൻഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights- Najmul Hussain Shanto opens upon on bangladesh and worldcup issues