മുംബൈയില്‍ അഞ്ച് ഏക്കറിന്റെ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും

അലിബാഗില്‍ ഇരുവര്‍ക്കും നേരത്തേ ആഡംബര ഫാംഹൗസും ഉണ്ട്

മുംബൈയിൽ അഞ്ച് ഏക്കർ വരുന്ന സ്ഥലം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‌ലിയും ജീവിതപങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയും‌. അലി​ബാ​ഗിൽ റായ്‌ഗഡ് ജില്ലയിലുള്ള അവാസ് ബീച്ചിന് സമീപം സിറ വില്ലേജിൽ അഞ്ച് ഏക്കറിലധികം വരുന്ന ഭൂമിയാണ് താരദമ്പതികൾ സ്വന്തമാക്കിയത്. ഏകദേശം 37.86 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം. 2.27 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി.

2026 ജനുവരി 13നായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷന്‍. നാല് വര്‍ഷത്തിനുള്ളില്‍ അലിബാഗില്‍ കോഹ്‌ലിയും അനുഷ്‌കയും നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്. അലിബാഗില്‍ ഇരുവര്‍ക്കും നേരത്തേ ആഡംബര ഫാംഹൗസും ഉണ്ട്. 34 കോടി രൂപയാണ് അതിന്റെ മൂല്യം. ആ വില്ലയില്‍ പ്രീമിയം ഇന്റീരിയര്‍, ലാന്‍ഡ്സ്‌കേപ്പ് ചെയ്ത പൂന്തോട്ടങ്ങള്‍, സ്വകാര്യ നീന്തല്‍ക്കുളം എന്നിവയാണുള്ളത്.

അലിബാഗിന് പുറമെ മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികള്‍ക്ക് ആഡംബര വീടുകളുണ്ട്. മക്കളായ വാമികയുടെയും അകായ്‌യുടെയും സ്വകാര്യത കണക്കിലെടുത്ത് അനുഷ്‌കയും കോഹ്‌ലിയും ലണ്ടനിലേക്ക് താമസം മാറിയിരുന്നു. നിലവിൽ‌ ന്യൂസിലാൻഡിനെതിരായ ഏക​ദിന പരമ്പരയ്ക്ക് വേണ്ടി ഇന്ത്യൻ ടീമിനൊപ്പം ഇൻഡോറിലാണ് കോഹ്‌ലി.

Content Highlights: Virat Kohli and Anushka Sharma have reportedly purchased a five-acre luxury property in Mumbai, marking a major real estate investment

To advertise here,contact us