

ഇന്ത്യന് താരം വാഷിങ്ടണ് സുന്ദറിന്റെ പരിക്കിനെ കുറിച്ച് കൂടുതല് വെളിപ്പെടുത്തലുമായി വിക്കറ്റ് കീപ്പർ ബാറ്റർ കെ എല് രാഹുല്. ന്യൂസിലാന്ഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് വാഷിങ്ടണ് സുന്ദറിന് പരിക്കേല്ക്കുന്നത്. വഡോദരയിൽ നടന്ന മത്സരത്തിൽ സൈഡ് സ്ട്രെയിൻ അനുഭവപ്പെടുകയായിരുന്നു. ഇതോടെ സുന്ദറിനെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിജയം സ്വന്തമാക്കുമ്പോൾ കെ എൽ രാഹുലിനൊപ്പം വാഷിങ്ടൺ സുന്ദറായിരുന്നു ക്രീസിലുണ്ടായിരുന്നത്. 21 പന്തില് പുറത്താകാതെ 29 റണ്സെടുത്ത കെ എല് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോൾ ഏഴ് റണ്സെടുത്ത് വാഷിങ്ടണ് സുന്ദറും പുറത്താകാതെ നിന്നു. എന്നാൽ ആ സമയത്ത് വാഷിങ്ടൺ സുന്ദറിന് ഓടാൻ കഴിയുന്നില്ലെന്ന് തനിക്ക് അറിയില്ലായിരുന്നെന്നാണ് രാഹുൽ വെളിപ്പെടുത്തിയത്.
'വാഷിങ്ടൺ സുന്ദറിന് ഓടാൻ കഴിയില്ലെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യ ഇന്നിങ്സിൽ അദ്ദേഹത്തിന് ചെറിയൊരു പരിക്കുണ്ടെന്ന് മാത്രമാണ് ഞാൻ അറിഞ്ഞത്. പക്ഷേ അതിന്റെ വ്യാപ്തി എനിക്കറിയില്ലായിരുന്നു. അതായത് അദ്ദേഹം നന്നായി പന്ത് അടിക്കുന്നുണ്ടായിരുന്നു. വാഷിങ്ടൺ ക്രീസിലെത്തുമ്പോൾ ഒരു പന്തിൽ ഒരു റൺ എന്ന നിലയിലായിരുന്നു ഞങ്ങൾ പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അനാവശ്യമായ റിസ്കുകൾ എടുക്കേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന് മേൽ അധികം സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ല. വാഷിങ്ടൺ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു, തന്റെ ജോലി ചെയ്തു. വന്ന എല്ലാവരും സംഭാവന നൽകി, അത് വളരെ വലിയ വ്യത്യാസമുണ്ടാക്കി', വിജയത്തിനുശേഷം രാഹുൽ പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അഞ്ച് ഓവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദർ മൈതാനം വിടുകയായിരുന്നു. പിന്നാലെ റിഷഭ് പന്തിന് പകരം ടീമിലെത്തിയ ധ്രുവ് ജുറേൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി കളത്തിലെത്തുകയും ചെയ്തു. എന്നാൽ ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ എട്ടാം നമ്പറിൽ വാഷിങ്ടൺ സുന്ദർ ക്രീസിലെത്തിയിരുന്നു. കഠിനമായ വേദന സഹിച്ചും ഏഴ് പന്തിൽ ഏഴ് റൺസ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു.
Content Highlights: ‘Didn’t know he couldn’t run’: KL Rahul reveals about Washington Sundar's injury