പാണ്ഡ്യ വരാര്‍! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹാര്‍ദിക് ഇന്ന് കളത്തിലിറങ്ങുന്നു

ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനിടെയാണ് ഹാർദിക്കിന് പരിക്കേറ്റത്

പരിക്കിൽ നിന്ന് മോചിതനായ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ഇന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ ബറോഡയ്ക്ക് വേണ്ടിയാണ് ഹാർദിക് കളിക്കളത്തിലിറങ്ങുന്നത്. പഞ്ചാബിനെതിരായ ബറോഡയുടെ മത്സരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഹൈദരാബാദിൽ നടക്കും. ഹാർദിക് പാണ്ഡ്യയുടെ സഹോദരൻ ക്രുണാൽ പാണ്ഡ്യയാണ് ബറോഡയുടെ ക്യാപ്റ്റൻ.

സെപ്തംബറിൽ‌ നടന്ന ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനിടെയാണ് ഹാർദിക്കിന് പരിക്കേറ്റത്. താരം 40ലധികം ദിവസമായി വിശ്രമത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കാനായി ഫിറ്റ്നെസ് തെളിയിക്കാൻ സെലക്ടർമാരാണ് ഹാർദിക്കിനോട് സയ്യിദ് മുഷ്താഖ് ട്രോഫിയിൽ കളിക്കാൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഗുജറാത്തിനെതിരായ മത്സരത്തിലും ബറോഡയ്ക്ക് വേണ്ടി ഹാർദിക് കളിച്ചേക്കും.

2026 ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് ഹാർദിക്കിന് മുന്നിലുള്ള മറ്റൊരു പ്രധാന ടൂർണമെന്റ്. പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീ​ഗിലും ഹാർദിക്കിന് കളിക്കേണ്ടതുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ കൂടിയാണ് ഹാർദിക് പാണ്ഡ്യ.

Content Highlights: Hardik Pandya set to feature in SMAT for Baroda After Rehab

To advertise here,contact us