ആഷസ് ഒന്നാം ടെസ്റ്റ്; ഓസ്ട്രേലിയയ്ക്കെതിരെ ഇം​ഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ‍്

ഇം​ഗ്ലണ്ട് ബൗളിങ് നിരയിൽ ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റുകൾ പിഴുതു

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 132 റൺസിൽ എല്ലാവരും പുറത്തായി. 40 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇം​ഗ്ലണ്ട് നേടിയിരിക്കുന്നത്. ഏഴ് വിക്കറ്റെടുത്ത് ഇം​ഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇം​ഗ്ലീഷ് നായകൻ മറുപടി നൽകി.

ഇന്നലെ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ശൈലിയിൽ ബാറ്റുവീശിയ ഇം​ഗ്ലണ്ട് ടീമിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. 39 റൺസിനിടെ ഇം​ഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തതായപ്പോൾ ബെൻ ഡക്കറ്റ് 21 റൺസ് നേടിയും പുറത്തായി. പിന്നാലെ ഒലി പോപ്പും ഹാരി ബ്രൂക്കും ക്രീസിലൊന്നിച്ചതോടെ ഇം​ഗ്ലണ്ട് സ്കോർ മുന്നോട്ട് നീങ്ങി. എങ്കിലും 46 റൺസെടുത്ത ഒലി പോപ്പിനെ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് കാമറൂൺ ​ഗ്രീൻ പുറത്താക്കി.

രണ്ടാം സെഷനിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആറ് റൺസോടെ പുറത്തായി. പിന്നാലെ ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 61 പന്തിൽ അഞ്ച് ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 52 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. താരത്തെ പുറത്താക്കി ഓസ്ട്രേലിയൻ പേസർ ബ്രണ്ടൻ ഡോ​ഗെറ്റ് ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ബ്രൂക്കിന് പിന്നാലെ ഇം​ഗ്ലണ്ട് അതിവേ​ഗം ഓൾഔട്ടായി. അവസാന അഞ്ച് വിക്കറ്റിൽ വെറും 12 റൺസാണ് ഇം​ഗ്ലണ്ടിന് നേടാനായത്. 33 റൺസെടുത്ത ജാമി സ്മിത്തിന്റെ സംഭാവന ഇം​ഗ്ലണ്ട് ഇന്നിങ്സിൽ നിർണായകമായി. ഓസ്ട്രേലിയൻ ബൗളിങ് നിരയിൽ മിച്ചൽ സ്റ്റാർക് ഏഴും ബ്രണ്ടൻ ഡോ​ഗെറ്റ് രണ്ട് വിക്കറ്റും വീഴ്ത്തി. അവശേഷിച്ച ഒരു വിക്കറ്റ് കാമറൂൺ ​ഗ്രീനാണ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ നിരയിൽ ആർക്കും മികച്ച സ്കോറുകൾ കണ്ടെത്താൻ സാധിച്ചില്ല. 26 റൺസെടുത്ത അലക്സ് ക്യാരി, 24 റൺസെടുത്ത കാമറൂൺ ​ഗ്രീൻ, 21 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 17 റൺസെടുത്ത് പുറത്തായി.

ഇം​ഗ്ലണ്ട് ബൗളിങ് നിരയിൽ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റുകൾ പിഴുതു. രണ്ട് വിക്കറ്റുകൾ ജോഫ്ര ആർച്ചറാണ് സ്വന്തമാക്കിയത്.

Content Highlights: England now have 40 runs lead in first Ashes

To advertise here,contact us