
വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശുഭ്മന് ഗില് നയിക്കുന്ന കരുത്തുറ്റ സ്ക്വാഡിനെയാണ് ബിസിസിഐ സെലക്ഷന് കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി വെറ്ററന് സ്റ്റാര് ഓള്റൗണ്ടര് രവീന്ദ്ര ജഡേജയെയും നിയമിച്ചിരിക്കുകയാണ്.
പരിക്കുകാരണം വിക്കറ്റ് കീപ്പര് റിഷഭ് പന്തിന് ഈ പരമ്പര നഷ്ടമായതോടെയാണ് ജഡേജയെ തേടി വൈസ് ക്യാപ്റ്റന് പദവിയെത്തിയത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില് സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും ഇന്ത്യ നിലനിര്ത്തി.
വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റ് സ്ക്വാഡില് ഇന്ത്യന് താരം സര്ഫറാസ് ഖാന്റെ അഭാവമാണ് ആരാധകര് ഇപ്പോള് ചര്ച്ചയാക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങള് ചൂണ്ടിക്കാണിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്നും സര്ഫറാസിനെ ഒഴിവാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില് മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തെ തഴഞ്ഞത് നിരവധി ചര്ച്ചകള്ക്ക് കാരണമാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വെസ്റ്റ് ഇന്ഡീസിനെതിരായ പരമ്പരയിലും സര്ഫറാസിന് അവസരം നിഷേധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം കഴിഞ്ഞ ജൂലൈയില് കിടിലന് ട്രാന്സ്ഫോര്മേഷന് നടത്തി വിമര്ശകരേയും ആരാധകരെയും ഒരുപോലെ താരം ഞെട്ടിച്ചത് വാര്ത്തയായിരുന്നു. കേവലം രണ്ട് മാസങ്ങള് കൊണ്ട് 17 കിലോ ഭാരം കുറച്ചാണ് സര്ഫറാസ് സോഷ്യല് മീഡിയയില് കൈയ്യടി നേടിയത്.
ആഭ്യന്തര ക്രിക്കറ്റിലും തന്റെ മികവ് തുടരാനും സര്ഫറാസിന് സാധിച്ചിരുന്നു. ബുച്ചി ബാബു ഇന്വിറ്റേഷനല് ക്രിക്കറ്റ് ടൂര്ണമെന്റില് തമിഴ്നാടിനെതിരെ മുംബൈക്ക് വേണ്ടി തുടര്ച്ചയായി രണ്ട് സെഞ്ച്വറികള് നേടിയാണ് താരം തിളങ്ങിയത്. എന്നാല് വെസ്റ്റ് ഇന്ഡീസിനെതിരായ ഇന്ത്യന് ടീമില് വീണ്ടും താരം തഴയപ്പെട്ടിരിക്കുകയാണ്.
വെസ്റ്റ് ഇന്ഡീസിനെതിരായ ഇന്ത്യന് സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റന്), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ,, മുഹമ്മദ് സിറാജ്. കുല്ദീപ് യാദവ്.
Content Highlights: Sarfaraz Khan Ignored For Tests vs West Indies