ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 10 വിക്കറ്റ് നഷ്ടത്തിൽ 412 റൺസാണ് അടിച്ചുകൂട്ടിയത്.മത്സരത്തിന്റെ ആരംഭം മുതൽ അടിച്ചുകളിച്ച ഓസ്ട്രേലിയ 47.5 ഓവറിലാണ് കൂറ്റൻ സ്കോർ നേടിയത് . ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റൻ അലൈസ ഹീലിയും ജോർജിയ വോളും മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. അലൈസ വെറും 18 പന്തിൽ നിന്നും ഏഴ് ഫോറടിച്ച് 30 റൺസ് നേടി.
മൂന്നാമത് ക്രീസിലെത്തിയ എല്ലീസ് പെറിയും ജോർജിയ വോളും സ്കോറിങ് നിലനിർത്തി തന്നെ മുന്നേറി. രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് വോൾ പിരിഞ്ഞത്. 68 പന്തിൽ നിന്നും 14 ഫോറടക്കം 81 റൺസാണ് വോൾ സ്വന്തമാക്കിയത്. എന്നാൽ പിന്നീടെത്തിയ ബെത് മൂണി ഇന്ത്യൻ ബൗളിങ്ങിന് മേൽ കൊടുകാറ്റാകുകയായിരുന്നു. എല്ലീസ് പെറിയെ കൂട്ടുപിട്ട് ഇന്നിങ്സിനെ മുന്നോട്ട് നയിച്ച അവർ 75 പന്തിൽ നിന്നും 23 ഫോറും ഒരു സിക്സറുമടക്കം 138 റൺസാണ് അടിച്ചുക്കൂട്ടിയത്. പെറി 72 പന്തിൽ നിന്നും 68 റൺസ് നേടിയെങ്കിലും ബെത്ത് മൂണി അറ്റാക്ക് തുടരുകയായിരുന്നു.
ആഷ്ലെയ്ഗ് ഗാർഡൻ 24 പന്തിൽ 39 റൺസുമായി മികച്ച പിന്തുണ നൽതി. ഒരു ഘട്ടം 450ന് മുകളിൽ പോകുമെന്ന് തോന്നിയ സ്കോറിങ് മൂണി പുറത്തായപ്പോൾ കുറയുകയായിരുന്നു. ലോവർ ഓർഡർ ബാറ്റർമാർക്കും വാലറ്റക്കാർക്കും വിക്കറ്റുകൾ സൂക്ഷിച്ച് അറ്റാക്ക് ചെയ്യുവാൻ സാധിച്ചില്ല.
ഇന്ത്യൻ ബൗളിങ് നിരയിൽ എല്ലാവരും കണക്കിന് തല്ലുവാങ്ങി. ആറ് ഓവറെറിഞ്ഞ ക്രാന്തി ഗൗഡ് 56 റൺസ് വഴങ്ങിയപ്പോൾ രേണുക സിങ് ഒമ്പത് ഓവറിൽ നിന്നും 79 റൺസണ് വിട്ടുകൊടുത്തത്. ക്രാന്തി ഒരു വിക്കറ്റും രേണുക രണ്ട് വിക്കറ്റും സ്വന്തമാക്കി. അരുന്ധതി റെഡ്ഡി (8.5-86-3), ദീപ്തി ശർമ (10-75-2), രാധ യാദവ് (4-48-0) എന്നിവരും നിരാശപ്പെടുത്തി. 10 ഓവറിൽ 68 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ സ്നേഹ് റാണയാണ് തമ്മിൽ ഭേദം.
ആദ്യ രണ്ട് മത്സരത്തിൽ ഒരെണ്ണം ഓസ്ട്രേലിയ വിജയിച്ചപ്പോൾ ഒരു വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlights- AUSTRALIA WOMEN SCORED 412 AGAINST INDIA WOMEN IN 3RD ODI