ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില് ഇന്ത്യന് കോച്ച് ഗൗതം ഗംഭീറും ഓവല് ഗ്രൗണ്ടിലെ പിച്ച് ക്യുററ്റേറും തമ്മിലുണ്ടായ വാക്കുതര്ക്കം ക്രിക്കറ്റ് ലോകത്ത് ചര്ച്ചയായിരുന്നു. പിച്ച് നോക്കാന് വന്ന ഗംഭീറിനോട് 2.5 അടി മാറി നിന്ന് പരിശോധിക്കാന് ക്യുററ്റേറായ ലീ ഫോര്ടിസ് ആവശ്യപ്പെടുകയും ഗംഭീര് അതിന് മറുപടി നല്കുന്നതുമാണ് വിവാദമായത്.
ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ച് അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. ഗംഭീറിന് തീർച്ചയായും അത് ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും എന്നാൽ കുറച്ചുകൂടി ഭേദപ്പെട്ട ഭാഷ ഉപയോഗിക്കാമായിരുന്നുവെന്നും ഹെയ്ഡൻ പറഞ്ഞു. ഇംഗ്ലീഷ് മണ്ണിൽ എപ്പോഴുമുള്ള പ്രശ്നമാണത്, ഞങ്ങൾ കളിച്ചപ്പോഴും ഈ കയ്യടക്കൽ ഉണ്ടായിരുന്നുവെന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു.
അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ജൂലൈ 28 തിങ്കളാഴ്ച തന്നെ ഇന്ത്യന് ടീം ഓവലിലെത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ കോച്ച് ഗംഭീര് ഗ്രൗണ്ട് സ്റ്റാഫുമായി വാഗ്വാദത്തില് ഏര്പ്പെടുകയായിരുന്നു. ഓവലിലെ പിച്ചില് ഇന്ത്യന് താരങ്ങള് പരിശീലനം നടത്തുന്നതിനിടെയാണ് ചീഫ് ക്യുറേറ്ററായ ലീ ഫോര്ട്ടിസുമായി ഗംഭീര് തര്ക്കിച്ചത്.
ഞങ്ങള് എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള് പറഞ്ഞുതരേണ്ട ആവശ്യമില്ലെന്നായിരുന്നു ഗംഭീര് ക്യുറേറ്ററോട് പറഞ്ഞത്. എവിടെ വേണമെങ്കിലും നിങ്ങള് റിപ്പോര്ട്ട് ചെയ്തോളൂ, നിങ്ങള് വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണെന്നും ഗംഭീര് പറയുന്നുണ്ട്. വളരെ ക്ഷുഭിതനായ ഗംഭീറിനെ ഇന്ത്യന് ടീമിന്റെ ബാറ്റിങ് കോച്ചും മറ്റുള്ളവരും ചേര്ന്ന് ശാന്തനാക്കുകയായിരുന്നു.
Content Highlights-Matthew Hayden exposes typical England case on Gautam Gambhir-Oval curator spat: