ദൈവത്തിന് നന്ദി, നിർണായക സമയത്ത് ക്രീസിൽ ഒറ്റക്കയ്യിൽ ബാറ്റുമായി വരുമ്പോൾ ആശങ്കൾ ഒരുപാടുണ്ടായിരുന്നു, പിന്മാറരുതെന്ന് കരുതി, റണ്ണിനിടയിൽ ഓടുമ്പോൾ നന്നായി വേദനിച്ചു, ഏതായാലും യോർക്കറുകളും ബൗൺസറുകളും നേരിടേണ്ടി വന്നില്ല, വോക്സ് കൂട്ടിച്ചേർത്തു.
ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ വിജയം മോഹിച്ചു തുടങ്ങിയ സമയമായിരുന്നു വോക്സ് ക്രീസിലേക്ക് നടന്നു നീങ്ങിയത്. ഒമ്പതാമനായി ജോഷ് ടോംഗ് (0) പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങിയതിനു പിന്നാലെ, ആദ്യ ദിനം പരിക്കേറ്റ ക്രിസ് വോക്സ് മാത്രമായി ആശ്രയം. അപ്പോൾ ഇംഗ്ലണ്ടിനും ഇന്ത്യക്കും വിജയത്തിനിടയിൽ 17 റൺസിന്റെതായിരുന്നു അകലം.
ഓവലിലെ ഒന്നാം ദിനത്തിൽ തോളിന് പരിക്കേറ്റ് കളം വിട്ടതായിരുന്നു ഇംഗ്ലീഷ് പേസ് ബൗളർ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ പരിക്ക് കാരണം ബാറ്റ് ചെയ്യാതെ മാറിയിരുന്ന താരം, അനിവാര്യമാണെങ്കിൽ അവസാന ദിനം ബാറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വോക്സിനെ മറു വശത്ത് നിർത്തി, സ്ട്രൈക്ക് നിലനിർത്തുകയായിരുന്നു ക്രീസിലുണ്ടായിരുന്ന ഗസ് ആറ്റ്കിൻസണിന്റെ പ്ലാൻ. കൂറ്റനടികളിൽ മിടുക്കനായ ആറ്റ്കിൻസൺ ആ ലക്ഷ്യം മനോഹരമായി നിറവേറ്റി. വോക്സിന് ബാറ്റുചെയ്യുന്ന സാഹചര്യം ഒഴിവാക്കി. എന്നാൽ ആറ്റ്കിൻസണിന്റെ സ്റ്റംപ് പിഴുത് സിറാജ് അത് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് ജയയും വിലയേറിയ ഒരു പരമ്പര സമനിലയും സമ്മാനിച്ചു.
Content Highlights: chris wokes re call oval test