'ആ റെക്കോർഡ് മറികടക്കണമായിരുന്നു എന്നാണ് ബ്രയാൻ ലാറ പറഞ്ഞത്'- മൾഡർ

'എന്നാൽ താൻ ചെയ്തത് ശരിയാണെന്നാണ് തോന്നുന്നതെന്നും ഗെയിമിനെ ബഹുമാനിക്കുന്നതാണ് ഏറ്റവും പ്രധാനം എന്ന് താൻ വിശ്വസിക്കുന്നതായും മൾഡർ പറഞ്ഞു'

വ്യക്തിഗത സ്കോര്‍ 367 ലെത്തിയിട്ടും വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് മറകടക്കുന്നില്ലെന്ന് തീരുമാനിച്ച ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് സര്‍ക്കിളുകളിലെ ഹോട്ട് ടോപ്പിക്കുകളില്‍ ഒന്നായിരുന്നു. ബ്രയാൻ ലാറ ഇതിഹാസമാണെന്നും അയാളുടെ റെക്കോർഡ് മറികടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തതിന് പിന്നാലെ മൾഡർ പറഞ്ഞത്. ഇപ്പോഴിതാ സാക്ഷാൽ ബ്രയാൻ ലാറ തന്നോട് പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് മൾഡർ. ആ റെക്കോർഡ് താന്‍ തകര്‍ക്കണമായിരുന്നു എന്നാണ് ലാറ പറഞ്ഞതെന്ന് മൾഡർ മനസുതുറന്നു.

'ബ്രയാൻ ലാറ എന്നോട് ആ റെക്കോർഡ് മറികടക്കേണ്ടതായിരുന്നു എന്നാണ് പറഞ്ഞത്. അദ്ദേഹത്തിൽ നിന്ന് അത് കേൾക്കാനായത് ഒരു സ്പെഷ്യൽ അനുഭവമായിരുന്നു. കാരണം അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു ഇതിഹാസമാണ്. ഒരിന്നിങ്സില്‍ 400 റണ്‍സെന്ന നേട്ടം ഇപ്പോഴും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്', മൾഡർ cricinfo യോട് പറഞ്ഞു.

ഞാൻ എന്റെ സ്വന്തം ലെഗസി സൃഷ്ടിക്കണമെന്നും അതിനായി മുന്നോട്ട് പോകണമെന്നുമാണ് ലാറ എന്നോട് പറഞ്ഞത്. റെക്കോർഡുകൾ തകർക്കാൻ വേണ്ടിയുള്ളതാണെന്നും ഇനി ഒരു അവസരം കിട്ടിയാൽ അത് ബ്രേക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതായി മൾഡർ കൂട്ടിച്ചേർത്തു. എന്നാൽ താൻ ചെയ്തത് ശരിയാണെന്നാണ് തോന്നുന്നതെന്നും ഗെയിമിനെ ബഹുമാനിക്കുന്നതാണ് ഏറ്റവും പ്രധാനം എന്ന് താൻ വിശ്വസിക്കുന്നതായും മൾഡർ അഭിപ്രായപ്പെട്ടു.

സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് വിയാൻ മൾഡർ ചരിത്ര നേട്ടത്തിന് അരികിലെത്തിയത്. രണ്ടാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായ മൾഡർ പുറത്താകാതെ 367 റൺസ് നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 400 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസ നായകൻ ബ്രയാൻ ലാറയുടെ റെക്കോർഡ് മൾഡർ തകർക്കുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയത്. എന്നാൽ ആദ്യ സെഷന് പിന്നാലെ മൾഡർ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പിന്നാലെ ലാറയുടെ റെക്കോർഡ് മറികടക്കാൻ ശ്രമിക്കാതിരുന്നതിൽ മൾഡർ വിശദീകരണം നൽകുകയും ചെയ്തു.

ബ്രയാൻ ലാറ ഇതിഹാസമാണെന്നും അയാളുടെ റെക്കോർഡ് മറികടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മൾഡർ പറഞ്ഞത്. ഇനി ഇതുപോലെയൊരു അവസരം ലഭിക്കുകയാണെങ്കിലും ഇതുതന്നെ ചെയ്യും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഷുക്രി കോൺറാഡുമായി സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും മൾഡർ വ്യക്തമാക്കി.

Content Highlights: Brian Lara told me to break the record next time says Wiaan Mulder

To advertise here,contact us