മള്ഡര് ലാറയുടെ റെക്കോർഡ് മറികടക്കണമായിരുന്നോ..?, വ്യക്തിഗത സ്കോർ 367 ൽ നിൽക്കെ ഡിക്ലയർ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മൾഡർ തീരുമാനിച്ചത് ശരിയോ തെറ്റോ..?, ക്രിക്കറ്റ് ലോകത്തെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകൾ ഇതായിരുന്നു.
ലാറയുടെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 2004 ഏപ്രില് 12ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് താരം 400 റണ്സ് നേടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് കഴിഞ്ഞവർഷം ലാറ നടത്തിയ ഒരു പ്രതികരണം ഇപ്പോൾ വൈറലാകുന്നത്.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ അതേർട്ടണിനോടായിരുന്നു ലാറയുടെ തുറന്നു പറച്ചിൽ. 400 റൺസെന്ന തന്റെ ടെസ്റ്റ് റെക്കോഡ് മറികടക്കുന്നതിനെ കുറിച്ചായിരുന്നു ലാറയുടെ പ്രതികരണം. തന്റെ റെക്കോഡ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളോ, ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കോ മറികടക്കുമെന്നാണ് ലാറ അഭിപ്രായപ്പെട്ടത്.
അരങ്ങേറ്റ ടെസ്റ്റ് മുതൽ ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനമാണ് ജയ്സ്വാൾ കാഴ്ചവെക്കുന്നത്. 40 ഇന്നിങ്സുകളിൽനിന്നായി 2018 റൺസാണ് താരം ഇതുവരെ നേടിയത്. 53.10 ആണ് ശരാശരി. 214 ആണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ ട്രിപ്പ്ൾ സെഞ്ച്വറി സ്വന്തം പേരിലുള്ള ബ്രൂക്ക്, 45 ഇന്നിങ്സുകളിൽനിന്ന് 2619 റൺസാണ് നേടിയത്. 317 ആണ് താരത്തിന്റെ ഉയർന്ന സ്കോർ.
Content Highlights: brain lara old prediction viral