'ഷമിയെ പോലെ പന്തെറിയാന്‍ അവന് സാധിക്കും'; ബുംറയ്ക്ക് പകരക്കാരനെ നിര്‍ദേശിച്ച് ഇര്‍ഫാന്‍ പത്താന്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കാനുളള സാധ്യത കുറവാണ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പേസർ‌ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കുകയാണെങ്കില്‍ പകരക്കാരനായി ഇടംകയ്യൻ പേസർ ആകാശ് ദീപിനെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷര്‍ദൂല്‍ താക്കൂര്‍ തുടങ്ങിയവരായിരുന്നു ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍. അടുത്ത ടെസ്റ്റിൽ ബുംറ കളിക്കാനുളള സാധ്യത കുറവാണ്. അതിനാൽ‌ ഇന്ത്യ മറ്റൊരു ബോളറെ പരീക്ഷിക്കാനുളള സാധ്യതയുണ്ട്. ഈ സമയത്താണ് ആകാശ് ​ദീപിനെ പിന്തുണച്ച് ഇർഫാൻ പത്താൻ രംഗത്തെത്തിയത്.

ഇന്ത്യന്‍ ടീമില്‍ ഷമിയുണ്ടാക്കിയ അതേ ഇംപാക്ട് ഉണ്ടാക്കാന്‍ ആകാശ് ദീപിന് സാധിക്കുമെന്നാണ് ഇര്‍ഫാന്‍ പത്താന്‍റെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെയാണ് നിർദേശവുമായി ഇര്‍ഫാൻ പത്താൻ‌ രം​ഗത്തെത്തിയത്.

'ബുംറ ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ആകാശ് ദീപിനെ കൊണ്ടുവരുന്നത് ടീം മാനേജ്‌മെന്റ് പരിഗണിക്കണം. മികച്ച രീതിയില്‍ പന്തെറിയുന്ന ബൗളറാണ് ആകാശ് ദീപ്. ഷമിയുണ്ടാക്കുന്നത് പോലെയുള്ള ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കും'- ഇര്‍ഫാന്‍ പറഞ്ഞു.

അതേസമയം ബുംറ രണ്ടാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവസാന നിമിഷം മാത്രമാണ് തീരുമാനമുണ്ടാവുക എന്നാണ് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷറ്റ് വ്യക്തമാക്കിയത്. ബുംറയ്ക്ക് ടീം വിശ്രമം അനുവദിച്ചാല്‍ അര്‍ഷ്ദീപ് പകരക്കാരന്‍റെ റോളിലെത്തും എന്നാണ് സൂചന. ബര്‍മിങ്ഹാമില്‍ ജഡേജയ്‌ക്കൊപ്പം രണ്ടാം സ്പിന്നറെ കൊണ്ടുവരാനും ടീം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഷാര്‍ദൂലിന് പകരം വാഷിങ്ടണ്‍ സുന്ദറിനോ കുല്‍ദീപ് യാദവിനോ നറുക്ക് വീഴും.

Content Highlights: Irfan Pathan backs Akash Deep as Bumrah’s replacement for second Test against England

To advertise here,contact us