പലരും ജീന്‍സ് വാങ്ങുമ്പോള്‍ നിറം, ഫിറ്റിങ്, ഡിസൈന്‍, ബ്രാന്‍ഡ് എന്നിവയെല്ലാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ജീന്‍സിന്റെ പിന്നില്‍ അരക്കെട്ടിനോട് ചേര്‍ന്ന് കാണുന്ന ചെറിയ ചതുരാകൃതിയിലുള്ള പാച്ച് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ചില ജീന്‍സില്‍ തുകല്‍ പോലുള്ള വസ്തുവില്‍ ബ്രാന്‍ഡിന്റെ പേരുണ്ടാകും. മറ്റു ചിലതില്‍ ലോഗോയും വ്യത്യസ്ത ഡിസൈനുകളുമാണ് ഉള്ളത്. ഇന്ന് ജീന്‍സില്‍ സ്ഥിരമായി കാണുന്ന ഈ പാച്ചിന് പിന്നില്‍ 19 ാം നൂറ്റാണ്ടിലെ തൊഴില്‍ വസ്ത്രങ്ങളുടെ ചരിത്രവും ഒരു ബ്രാന്‍ഡിന്റെ വിപണന തന്ത്രവുമുണ്ട്.
19 ാം നൂറ്റാണ്ടില്‍ ഖനിത്തൊഴിലാളികള്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ഉറപ്പുള്ള വസ്ത്രങ്ങള്‍ ആവശ്യമായിരുന്നു. അങ്ങനെയാണ് കരുത്തുള്ള ഡെനിം തുണികൊണ്ട് നിര്‍മിച്ച ട്രൗസറുകള്‍ക്ക് പ്രചാരം ലഭിച്ചത്. 1873 ല്‍ ജര്‍മ്മന്‍-അമേരിക്കന്‍ വ്യവസായി ആയ ലെവി സ്ട്രോസും തയ്യല്‍ക്കാരനായ ജേക്കബ് ഡേവിസും ചേര്‍ന്ന് വസ്ത്രങ്ങളിലെ സമ്മര്‍ദം കൂടുതലുള്ള ഭാഗങ്ങളില്‍ ലോഹ റിവറ്റുകള്‍ ഉപയോഗിച്ച് ബലം വര്‍ധിപ്പിക്കുന്ന ഒരു രീതിക്ക് അമേരിക്കയില്‍ പേറ്റന്റ് നേടി. ഇന്ന് കാണുന്ന ആധുനിക ജീന്‍സിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു ഇത്. അക്കാലത്ത് ജീന്‍സ് പ്രധാനമായും ഫാഷനുവേണ്ടിയല്ല, ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ കാലം ഉപയോഗിക്കാവുന്ന വസ്ത്രമായിട്ടാണ് ആളുകള്‍ വാങ്ങിയിരുന്നത്.
ജീന്‍സിന്റെ പിന്നിലെ പാച്ചിന്റെ ചരിത്രത്തിലെ നിര്‍ണായകമായ വര്‍ഷമാണ് 1886. ലെവി സ്ട്രോസ് കമ്പനി അന്ന് ജീന്‍സില്‍ രണ്ട് കുതിരകള്‍ എതിര്‍ദിശകളിലേക്ക് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയ പ്രശസ്തമായ ചിഹ്നം അവതരിപ്പിച്ചു. ഒരു ജീന്‍സ് പാന്റ്സ് രണ്ട് കുതിരകള്‍ എതിര്‍ദിശകളിലേക്ക് വലിച്ചാലും കീറില്ലെന്ന ആശയമാണ് ഈ ചിത്രം മുന്നോട്ടുവച്ചത്. ഉല്‍പ്പന്നത്തിന്റെ കരുത്തും ഈടും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയായിരുന്നു ഇതിലൂടെയുള്ള ലക്ഷ്യം. അക്കാലത്ത് എല്ലാവര്ക്കും ഇംഗ്ലീഷ് വായിക്കാനറിയണമെന്നില്ലല്ലോ. ബ്രാന്‍ഡിന്റെ പേര് വായിക്കാന്‍ കഴിയാത്തവര്‍ക്കുപോലും രണ്ട് കുതിരകളുടെ ചിത്രം കണ്ട് ഉല്‍പ്പന്നം തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഇത്തരത്തില്‍ പാച്ച് ഒരു തിരിച്ചറിയല്‍ അടയാളമായും പ്രവര്‍ത്തിച്ചു. പിന്നീട് ഈ ചിഹ്നം ലെവിയുടെ ബ്രാന്‍ഡിന്റെ ഭാഗമായി മാറി.
അക്കാലത്തെ തൊഴിലാളികളുടെ വസ്ത്രങ്ങള്‍ക്ക് കരുത്തുറ്റ രൂപവും ദീര്‍ഘകാല ഉപയോഗക്ഷമതയും പ്രധാനമായിരുന്നു. ജീന്‍സിന്റെ സ്വഭാവത്തോട് യോജിക്കുന്ന രീതിയില്‍ ലോഗോയും ബ്രാന്‍ഡ് വിവരങ്ങളും രേഖപ്പെടുത്താന്‍ തുകല്‍ അനുയോജ്യമായിരുന്നു. തുകല്‍ പാച്ച് ജീന്‍സിന്റെ പിന്നിലെ അരക്കെട്ടില്‍ തുന്നിച്ചേര്‍ത്തതോടെ അത് വസ്ത്രത്തിന്റെ തിരിച്ചറിയല്‍ അടയാളമായി മാറി. പിന്നീട് മറ്റ് ഡെനിം നിര്‍മാതാക്കളും സമാനമായ പാച്ചുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
എന്നാല്‍ ഇന്ന് ജീന്സുകളില് കാണുന്ന എല്ലാ പാച്ചുകളും യഥാര്‍ഥ തുകല്‍ കൊണ്ടുള്ളതല്ല. ചില ബ്രാന്‍ഡുകള്‍ പേപ്പര്‍ അധിഷ്ഠിത വസ്തുക്കളും സിന്തറ്റിക് വസ്തുക്കളും മറ്റുള്ള സാമഗ്രികളും ഉപയോഗിക്കുന്നുണ്ട്. 1950 കളില്‍ ലെവിയും ചില ജീന്സുകളില് യഥാര്‍ഥ തുകലിന് പകരം തുകല്‍ പോലെയുള്ള ഉറപ്പുള്ള കാര്‍ഡ്സ്റ്റോക്ക് പാച്ചുകള്‍ ഉപയോഗിച്ചിരുന്നു.
ജീന്‍സിന്റെ പിന്നിലെ പാച്ച് കണ്ടാല്‍ അത് വസ്ത്രത്തിന് കൂടുതല്‍ ബലം നല്‍കാനാണെന്ന് തോന്നാം. എന്നാല്‍ മിക്ക ആധുനിക ജീന്സുകളിലും പാച്ചിന്റെ പ്രധാന ലക്ഷ്യം ബ്രാന്‍ഡിനെ തിരിച്ചറിയിക്കുകയും അതിന്റെ പാരമ്പര്യം അടയാളപ്പെടുത്തുകയുമാണ്.
തൊഴിലാളികളുടെ വസ്ത്രമായിരുന്ന ജീന്‍സ് ഇന്ന് ലോകമെമ്പാടുമുള്ളവരുടെ ദൈനംദിന ഫാഷന്റെ ഭാഗമായി മാറിയിരിക്കുന്നു. അതിനൊപ്പം അതിന്റെ പിന്നിലെ പാച്ചും നിലനിന്നു. കാരണം, പാച്ച് ഒരു ബ്രാന്‍ഡിന്റെ പേരെഴുതാനുള്ള സ്ഥലം മാത്രമല്ല. അതിന്റെ ചരിത്രവും പാരമ്പര്യവും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഒരു മാര്‍ഗം കൂടിയാണ്. പാച്ചിന്റെ നിറം, ആകൃതി, ലോഗോ എന്നിവയിലൂടെ ഒരു ബ്രാന്‍ഡിനെ എളുപ്പത്തില്‍ തിരിച്ചറിയാനാകും.
Content Highlights :Did you think it was just a design element? This small patch—which helped demonstrate the durability of jeans and served as a brand identifier—has an interesting history behind it