ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം; നിയമങ്ങള്‍ എന്തൊക്കെയാണ്

ഒരാള്‍ക്ക് ആകെ എത്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കാമെന്നതിനെക്കുറിച്ച് അറിയാമോ? ഇതുസംബന്ധിച്ച് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഉണ്ടോ?

ഇക്കാലത്ത് പലരും വ്യത്യസ്ത ബാങ്കുകളില്‍ നിന്നുള്ള ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ്. ഷോപ്പിംഗിനായി ഉപയോഗിക്കുന്നവയും യാത്രയ്ക്കും ഭക്ഷണത്തിനും കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഒക്കെ പലരും ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. എങ്കിലും ഒരാള്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കാം എന്നറിയാമോ? ആര്‍ബിഐക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ? ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാം.

ആര്‍ബിഐയുടെ നിയമങ്ങള്‍ എന്തൊക്കെയാണ്?

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം സംബന്ധിച്ച് ആര്‍ബിഐ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഇതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് അര്‍ഥമില്ല. ഒരാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിന്മുന്‍പ് അയാളുടെ ശമ്പളം, പേയ്മെന്റ് ചരിത്രം, നിലവിലുള്ള കടം തുടങ്ങിയ ഘടകങ്ങള്‍ ബാങ്കുകള്‍ പരിഗണിക്കുന്നു.

ഇതിനകം ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരാണെങ്കില്‍ ബാങ്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കും

ഒരാള്‍ക്ക് ഇതിനകം തന്നെ 5 ലക്ഷം രൂപവരെയുള്ള മൂന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെന്ന് കരുതുക. ഇനി നാലാമത് ഒരു കാര്‍ഡിന് അപേക്ഷിച്ചാല്‍ ബാങ്ക് അയാളുടെ പേമെന്റ് ഹിസ്റ്ററി മുതലുള്ള മുഴുവന്‍ വിശദാംശങ്ങളും പരിശോധിക്കും.

ക്രെഡിറ്റ് പരിധി എങ്ങനെ ഉപയോഗിക്കണം?

നിങ്ങള്‍ക്ക് 400,000 രൂപ പരിധിയുള്ള നാല് കാര്‍ഡുകള്‍ ഉണ്ടെന്ന് കരുതുക. ഇതിനര്‍ത്ഥം നിങ്ങള്‍ 400,000 രൂപ ചെലവഴിക്കണമെന്നല്ല. ഓരോ മാസവും സുഖകരമായി അടയ്ക്കാന്‍ കഴിയുന്നത്ര തുക മാത്രം ഉപയോഗിക്കുക. മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലും കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ കുടിശ്ശികയുള്ള ബാലന്‍സില്‍ പലിശയും അധിക ഫീസും ഈടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

വളരെയധികം കാര്‍ഡുകള്‍ ഉള്ളത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

വളരെയധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളത് ക്രെഡിറ്റ് സ്‌കോറിനെ അങ്ങനെ ബാധിക്കില്ല. കാര്‍ഡ് എങ്ങനെ ഉപയോഗിക്കുന്നു, കൃത്യ സമയത്ത് പണമടയ്ക്കുന്നുണ്ടോ എന്നതെല്ലാം സ്‌കോറിനെ ബാധിക്കുന്നു.

Content Highlights :How many credit cards can a person use? Are there any RBI regulations regarding this?

To advertise here,contact us