പ്ലാസ്റ്റിക് നോട്ടുകള്‍ വന്നാല്‍ ATM ല്‍ നിന്ന് അവ എങ്ങനെ പിന്‍വലിക്കും; പഴയ നോട്ടുകള്‍ നിര്‍ത്തലാക്കുമോ?

പോളിമര്‍ നോട്ടുകള്‍ പരീക്ഷിക്കാന്‍ ആര്‍ബിഐ തയ്യാറെടുക്കുന്നു. പഴയ നോട്ടുകള്‍ പിന്‍വലിക്കുമോ?. എടിഎമ്മില്‍ നിന്നും എങ്ങനെ നോട്ടുകള്‍ പിന്‍വലിക്കാം

നനഞ്ഞാലോ ചുരുണ്ടാലോ നശിക്കുന്ന പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍കാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക്(പോളിമര്‍) നോട്ടുകള്‍ എത്താന്‍ പോവുകയാണെന്ന വാര്‍ത്ത കേട്ടിട്ടുണ്ടാകും. നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിനായി കഴിഞ്ഞ മാസം ആദ്യം 3.4 കോടി പോളിമര്‍ ഷീറ്റുകള്‍ വാങ്ങുന്നതിനായി ഭാരതീയ റിസര്‍വ്വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ആഗോള ടെന്‍ഡര്‍ വിളിച്ചത് ഈ നടപടിയുടെ ഭാഗമാണ്.

2009 മുതല്‍ പ്ലാസ്റ്റിക് കറന്‍സികള്‍ കൊണ്ടുവരുന്നതിനുളള നീക്കങ്ങള്‍ ഇന്ത്യ തുടങ്ങിയിരുന്നു. അന്ന് 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പ്രിന്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് മുന്നോട്ട് പോയില്ല. ഇപ്പോള്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത് സമാനമായ ഫീല്‍ഡ് ട്രയലുകള്‍ക്കാണ്. നിലവില്‍ 10,20 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കാനാണ് ശ്രമമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല രാജ്യമെമ്പാടും നോട്ടുകള്‍ മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവും ഇതുവരെ എടുത്തിട്ടില്ല.

പഴയ നോട്ടുകള്‍ നിര്‍ത്തലാക്കുകയും എടിഎമ്മുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യേണ്ടി വരുമോ?

പോളിമര്‍ നോട്ടുകള്‍ പേപ്പര്‍ നോട്ടുകള്‍ക്ക് പകരമാവില്ലെന്നും, രണ്ട് തരത്തിലുള്ള നോട്ടുകളും ഒരേസമയം ഉപയോഗിക്കുന്നത് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങളുടെ കൈവശം പഴയ 10 അല്ലെങ്കില്‍ 20 രൂപ നോട്ടുകള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.

പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ എത്തുന്ന സാഹചര്യത്തില്‍ നിലവിലുള്ള എടിഎമ്മുകള്‍ മാറ്റിസ്ഥാപിക്കേണ്ടി വരുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതിനായി പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കേണ്ടതില്ല. നോട്ടുകളുടെ സ്വഭാവത്തിനനുസരിച്ച് ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങളും സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകളും നിലവിലുള്ള എടിഎമ്മുകളില്‍ തന്നെ വരുത്താന്‍ സാധിക്കും. ചില പഴയ മോഡല്‍ എടിഎമ്മുകള്‍ക്ക് ചെറിയ മെക്കാനിക്കല്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നേക്കാമെങ്കിലും, പൊതുവേ ഉപഭോക്താക്കള്‍ക്ക് നിലവിലെ എടിഎമ്മുകള്‍ വഴിത്തന്നെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയുന്നതാണ്.

നേട്ടങ്ങള്‍, വെല്ലുവിളികള്‍

പ്ലാസ്റ്റിക് നോട്ടുകള്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ ഏകദേശം രണ്ടര മുതല്‍ നാലിരട്ടി വരെ നീണ്ടുനില്‍ക്കുമെന്നതാണ് RBI പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള പ്രധാന കാരണം. ഇത് നോട്ടുകള്‍ വീണ്ടും അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയും സര്‍ക്കാര്‍ പണം ലാഭിക്കുകയും ചെയ്യുന്നു. കൂടാതെ പോളിമര്‍ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ നടക്കാന്‍ പോകുന്ന മുഴുവന്‍ പ്രക്രിയയും ഒരു പരീക്ഷണം മാത്രമാണ്. ഈ പരീക്ഷണങ്ങള്‍ക്ക് ഫലങ്ങള്‍ കാണുന്നതുവരെ നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. എടിഎം മെഷീനുകളില്‍ വലിയ മാറ്റങ്ങളൊന്നും ഉടനടി വരുത്തുകയുമില്ല.

Content Highlights :The RBI is preparing to pilot polymer banknotes. Will the old notes be withdrawn? How can notes be withdrawn from ATMs?

To advertise here,contact us