എടിഎം കാര്‍ഡ് / ഡെബിറ്റ് കാര്‍ഡ് കൊണ്ട് എന്താണ് ഉപയോഗം എന്ന് ചോദിച്ചാല്‍ എല്ലാവരും ഒരുപോലെ പറയും പണം പിന്‍വലിക്കാനും ഷോപ്പിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാന്‍ ഉള്ളതാണെന്ന്. എന്നാല്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന മറ്റ് ചില ഉപയോഗങ്ങള്‍ കൂടി എടിഎം കാര്‍ഡിന് ഉണ്ട്. ബാങ്കുകള്‍ പണമിടപാട് നടത്തുക എന്നതിനപ്പുറം നമുക്ക് പല ആനുകൂല്യങ്ങളും സുരക്ഷാ സംവിധാനങ്ങളും നല്‍കുന്നുണ്ട്. അവയൊന്നും തിരിച്ചറിയാതെ പോവുകയാണ് ചെയ്യാറ്.
ഓരോ എടിഎം കാര്‍ഡിനൊപ്പവും ഒരു പേഴ്സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് സൗജന്യമായി ലഭിക്കുന്നുണ്ട്. കാര്‍ഡ് ഉപയോക്താവ് അപകടത്തില്‍പ്പെട്ടാല്‍ അയാള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍ പല ബാങ്കുകളും ഈ ആനുകൂല്യം നല്‍കുന്നത് കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത ദിവസത്തിനുള്ളില്‍(90 ദിവസം) പണമിടപാട് നടത്തിയിട്ടുള്ളവര്‍ക്കാണ്. ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ കാര്‍ഡ് ഇന്‍ഷുറന്‍സ് പരിധിയില്പ്പെടുന്നുണ്ടോ എന്ന് ബാങ്കില്‍ അന്വേഷിക്കേണ്ടതാണ് എന്നതാണ്.
എടിഎം കാര്‍ഡ് നഷ്ടപ്പെട്ട് പോകുകയോ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുകയോ ചെയ്താല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം 3 ദിവസത്തിനുള്ളില്‍(കഴിയുന്നതും വേഗം)ബാങ്കിനെ അറിയിക്കുക. നഷ്ടപ്പെട്ട പണത്തില്‍ നിങ്ങള്‍ ബാധ്യസ്ഥരല്ല. അതുകൊണ്ടാണ് ഇതിനെ സീറോ ലയബിലിറ്റി പോളിസി എന്ന് വിളിക്കുന്നത്. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം പണമോ എടിഎം കാര്‍ഡോ നഷ്ടപ്പെട്ട് 3 ദിവസത്തിന് ശേഷമാണ് ബാങ്കിനെ അറിയിക്കുന്നതെങ്കില്‍ ബാധ്യത നിങ്ങളുടേതായി മാറും. കാര്‍ഡ് കാണാതായാല്‍ ഉടനെ തന്നെ ബാങ്ക് ആപ്പ് വഴിയോ കസ്റ്റമര്‍ ആപ്പ് വഴിയോ ബ്ലോക്ക് ചെയ്യേണ്ടതാണ്.
ഇപ്പോള്‍ ബാങ്ക് ആപ്പ് വഴി കാര്‍ഡുകളുടെ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെയാണ്. അതുകൊണ്ടുതന്നെ പരമാവധി തട്ടിപ്പുകള്‍ തടയാന്‍ നിങ്ങള്‍ക്ക് തന്നെ കഴിയും. അതായത് എടിഎമ്മിലെ പണം പിന്‍വലിക്കല്‍ പരിധിയും ഓണ്‍ലൈന്‍ ഇടപാട് പരിധിയും നിങ്ങള്‍ക്ക് തന്നെ നിയന്ത്രിച്ച് വയ്ക്കാന്‍ സാധിക്കും.
എടിഎമ്മിലെ ട്രാന്സാക്ഷന് ലിമിറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതായത് RBI യുടെ നിയമപ്രകാരം ഓരോ മാസവും 5 എടിഎം ഇടപാടുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ. ഇതില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ ഓരോ തവണയും നിങ്ങളില്‍ നിന്ന് സര് ചാര്‍ജ് ഈടാക്കും. അതുകൊണ്ടുതന്നെ പണം എത്ര പ്രാവശ്യമാണ് പിന്‍വലിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Content Highlights : ATM cards are not used solely for withdrawing cash or shopping; they have various other uses as well.