രാജ്യത്ത് നിലവിലുളള പേപ്പര്‍ നോട്ടുകള്‍ക്ക് പകരം പ്ലാസ്റ്റിക് നോട്ടുകള്‍(പോളിമര്‍) പുറത്തിറക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. നോട്ടുകള്‍ കൂടുതല്‍ കാലം കേടുകൂടാതെ നിലനില്ക്കും എന്നതാണ് പോളിമര്‍ നോട്ടിന്റെ പ്രത്യേകത.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായിരിക്കുന്ന ഇക്കാലത്തും കറന്‍സി നോട്ടുകളുടെ വിനിമയം ഒട്ടും കുറയാതെ വര്‍ധിച്ചുതന്നെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. പ്ലാസ്റ്റക് നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇപ്പോള്‍ നിലവിലുള്ള എടിഎമ്മുകള്‍ ഇത്തരത്തിലുള്ള കറന്‍സി വിതരണം ചെയ്യുന്നതിന് സജ്ജമാണെന്നും ആര്‍ബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനുളള പൈലറ്റ് പ്രോജക്ട് ആര്‍ബിഐ ഉടന്‍ പ്രഖ്യാപിച്ചേക്കും.
2012ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് 5 നഗരങ്ങളില്‍ 10 രൂപയുടെ 100 പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനമുണ്ടാകുന്നത്. നോട്ടുകള്‍ കൂടുതല്‍ കാലം നിലനിര്‍ത്തുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും സാങ്കേതിക വെല്ലുവിളി മൂലം ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ സാങ്കേതികവിദ്യ പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
കേടുവന്ന നോട്ടുകള്‍ നശിപ്പിക്കുക എന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ പോളിമര്‍ നോട്ടുകള്‍ക്ക് കഴിയും. വിപണിയില്‍നിന്ന് പഴകിയ നോട്ടുകള്‍ പിന്‍വലിക്കേണ്ടിവരുന്നത് വലിയ വെല്ലുവിളിയാണ്. 500 രൂപയുടെയും 100 രൂപയുടെയും നോട്ടുകളാണ് ഏറ്റവും കൂടുതല്‍ നശിപ്പിക്കപ്പെടുന്നത്.
സിന്തറ്റിക് പോളിമര്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മ്മിക്കുന്നത്. വെള്ളം, അഴുക്ക്, കീറല്‍ എന്നിവയെ പ്രതിരോധിക്കാന്‍ പേപ്പര്‍ നോട്ടുകളേക്കാര് പോളിമര്‍ നോട്ടുകള്‍ക്ക് കഴിയും. പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം അവ നിലനില്ക്കുകയും ചെയ്യും.മാത്രമല്ല സുതാര്യമായ പ്ലാസ്റ്റിക് വിന്‍ഡോകള്‍, പ്രത്യേക ആംഗിളുകളില്‍ മാത്രം കാണാന്‍ കഴിയുന്ന മെറ്റല്‍ ഫിലിമുകള്‍, അള്‍ട്രാവയലറ്റ് വെളിച്ചത്തില്‍ മാത്രം തെളിയുന്ന ഫ്ലൂറസെന്റ് സംയുക്തങ്ങള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്ളതിനാല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ എളുപ്പത്തില്‍ വ്യാജമായി നിര്‍മ്മിക്കാന്‍ സാധിക്കില്ല.
പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗശൂന്യമാകുമ്പോള്‍ അവ ചെറുകഷ്ണങ്ങളാക്കി നുറുക്കി, പ്രത്യേക പെല്ലറ്റുകളാക്കി മാറ്റി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി പുനരുപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
നിലവില്‍ 60തോളം രാജ്യങ്ങളില്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.
1988ല്‍ ഓസ്ട്രേലിയയിലാണ് ആദ്യമായി 10 ഡോളറിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയത്.കാനഡ, ഫിജി, ന്യൂസിലാന്‍ഡ്, വിയറ്റ്നാം, റൊമാനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളാണ്.
Content Highlights : Reserve Bank to introduce plastic currency instead of paper notes. The idea is to reduce the increasing cost of printing notes.