ദണ്ഡിന്റെ ആകൃതിയിലുള്ള ഇരുമ്പ് ആറ്റങ്ങളുടെ ഭീമൻ മേഘത്തെ ബഹിരാകാശത്ത് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ ആറ്റങ്ങൾ ഭൂമിയുടെ ഭാവിയെ കുറിച്ചറിയാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അസാധാരണമായ ഈ ഘടന കണ്ടെത്തിയത് റിങ് നെബുലയ്ക്ക് ഉള്ളിലായാണ്. സൂര്യനെ പോലൊരു നക്ഷത്രം നശിക്കുമ്പോൾ അതിന്റെ പുറം പാളിയെ പുറന്തള്ളും, ഇങ്ങനെ ഉണ്ടാകുന്ന വർണശബളമായ മേഘമാണ് റിങ് നെബുല.
പ്ലൂട്ടോയുടെ ഭ്രമണപഥത്തെക്കാൾ അഞ്ഞൂറ് മടങ്ങ് വലുതാണ് ഈ ഇരുമ്പ് ദണ്ഡ്. ഭൂമിയിൽ നിന്നും 2283 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുതിയ ടെലസ്ക്കോപ്പ് ഇൻസ്ട്രുമെന്റായ WHT Enhanced Area Velocity Explorer(Weave, വീവ്)ന്റെ സഹായത്തോടെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെയും കാർഡിഫ് യൂണിവേഴ്സിറ്റിയിലെയും ശാസത്രജ്ഞന്മാരാണ് ഇത് കണ്ടെത്തിയത. എങ്ങനെയാണ് ഈ ഇരുമ്പ് ദണ്ഡ് ഉണ്ടായതെന്ന് വ്യക്തമല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിന്റെ ഉത്ഭവത്തെ പറ്റി പല തിയറികളും ഉയരുന്നുമുണ്ട്.
പേരന്റ് നക്ഷത്രം നശിക്കുന്ന സമയം ഈ നെബുല ഉണ്ടായി എന്നതാണ് ഒരു സാധ്യത. മറ്റൊരു സാധ്യത വിരൽചൂണ്ടുന്നത് ഇതൊരു സ്പേസ് പ്ലാസ്മ ആയിരിക്കുമെന്നതാണ്. ഇത് ഏതെങ്കിലും പാറനിറഞ്ഞ ഗ്രഹം നശിച്ചതിന്റെ അവശിഷ്ടമാകാം. പക്ഷേ ദൃശ്യമായത് നക്ഷത്രം നശിച്ചതിന് പിന്നാലെയാകാമെന്നും പറയുന്നു. ഇവയിൽ എന്തെങ്കിലും യാഥാർത്ഥ്യം ഉണ്ടെങ്കിൽ ഭൂമിയുടെ വിദൂരഭാവി എന്താണെന്ന് അറിയാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്കുള്ളിൽ സൂര്യൻ അതിന്റെ പുറംപാളി പുറത്തേക്ക് തള്ളുകളയും ഭൂമിയെ വിഴുങ്ങുകയും ചെയ്യുന്നതിനെ കുറിച്ചറിയാമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
എന്താണ് ഈ ഇരുമ്പ് ദണ്ഡ് എന്നതിനെ കുറിച്ച് പഠിക്കാനുള്ള തീരുമാനത്തിലാണ് ശാസ്ത്രജ്ഞർ. എന്താണ് ഈ ഇരുമ്പ് ദണ്ഡെന്നും എവിടെ നിന്നാണ് ഇത് വന്നതെന്നും എന്താണിത് സൂചിപ്പിക്കുന്നതെന്നും അടക്കമുള്ള ചോദ്യങ്ങൾക്കാണ് ഉത്തരം വേണ്ടത്. മുമ്പും ഈ നെബുലയെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ പുതിയ ഉപകരണങ്ങൾ ഉപയോഗിച്ചപ്പോഴാണ് പുത്തൻ വിവരങ്ങൾ ലഭ്യമായതെന്നും കാർഡിഫ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ റോജർ വെസൻ വിശദീകരിച്ചു.
നെബുലയുടെ മുഴുവൻ സ്പെക്ട്രം ലഭിച്ച ശേഷം ഇതിന്റെ കൃത്യമായ ചിത്രങ്ങൾ സൃഷ്ടിച്ചു. ഡാറ്റ പ്രൊസസ് ചെയ്തത് ഈ ചിത്രങ്ങൾ പരിശോധിച്ചതോടെ ഈ വ്യത്യസ്തമായ ഘടന കൃത്യമായി തെളിഞ്ഞുവരികയാണ് ഉണ്ടായത്. ഈ ഇരുമ്പിനൊപ്പം മറ്റ് രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ശാസ്ത്ര സംഘത്തിലെ പ്രൊഫസർ ജാനറ്റ് ഡ്രൂ പറയുന്നു. വിദൂരതയിലുള്ള ഗ്യാലക്സികൾ, അടുത്തുള്ള വെളുത്ത കുള്ളൻ നക്ഷത്രങ്ങൾ എന്നിവയെ അടക്കം നിരീക്ഷിക്കുകയാണ് വീവ് എന്ന ഉപകരണത്തിന് നൽകിയിരിക്കുന്ന അടുത്ത ഉത്തരവാദിത്തം.
Content Highlights: Scientist found an iron bar inside ring nebula, which helps to understand future of Earth