കിഡ്നി സ്റ്റോണാണെന്ന ചിന്തയിൽ ശരീരവേദനയുമായി ആശുപത്രിയിലെത്തിയ 48കാരിക്ക് സംഭവിച്ച ദാരുണമായ സംഭവമാണ് ദേശീയമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്. യുകെയിൽ നിന്നുള്ള യുവതി സാധാരണ പോലെയുണ്ടായ അവശത എന്ന ചിന്തയിലാണ്. പക്ഷേ പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ലൂയിസ് മാർഷൽസേ, വെയിൽസിലേ സ്വാൻസീ സ്വദേശിനിയാണ്. 2022 ജൂലായിലാണ് ഇവർക്ക് അസഹനീയമായ ശരീരവേദന ആദ്യം അനുഭവപ്പെടുന്നത്. കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട പ്രശ്നമാണിത് എന്നാണ് ലൂയിസ് ആദ്യം കരുതിയത്. പിന്നാലെ ഇവർ ആശുപത്രിയിലെത്തി. പരിശോധയ്ക്ക് ശേഷം സാധാരണ പോലെ ഡോക്ടർമാർ മരുന്നു നൽകി മടക്കിയയച്ചു. എന്നാൽ അന്നേ ദിവസം വീട്ടിലെത്തിയ ലൂസിയുടെ ആരോഗ്യം പെട്ടെന്ന് തന്നെ വഷളായി. ബോധംപോലും നഷ്ടപ്പെടുന്ന അവസ്ഥ.
ആശുപത്രിയിലെത്തിച്ച ലൂയ്സിനെ പരിശോധിച്ച ഡോക്ടർമാർ അപ്പോഴാണ് അണുബാധ മൂലമുള്ള പ്രശ്നമാണ് അവർക്കെന്ന് മനസിലാക്കിയത്. സെപ്റ്റിക്ക് ഷോക്ക് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. യുവതിയുടെ അവയവങ്ങൾ പ്രവർത്തനരഹിതമാകുന്നത് തടയാനായി ഡോക്ടർമാർക്ക് അവരുടെ കൈകാലുകളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കേണ്ടതായി വന്നു. ഇതിന് വലിയ വിലയാണ് നൽകേണ്ടി വന്നത്. ലൂസിയുടെ കാലുകളും കൈകളും തണുത്തുറഞ്ഞു, കോശങ്ങൾ നശിച്ചതിനാൽ ഇവ ഇരുണ്ട നിറമായി മാറി.
ബോധം വന്നപ്പോഴാണ് തനിക്ക് സ്വന്തം വിരലുകൾ അനക്കാൻ സാധിക്കില്ലെന്ന് അവൾ മനസിലാക്കിയത്. തന്നെ ഉലച്ചുകളഞ്ഞ സംഭവമായിരുന്നു അതെന്നാണ് ലൂയിസ് ഓർത്തെടുക്കുന്നത്. 2022 ഒക്ടോബർ ആയപ്പോഴേക്കും ഡോക്ടർമാർ ലൂയിസിന്റെ കൈകാലുകളിലെ വിരലുകൾ മുറിച്ചു കളഞ്ഞു. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് അണുബാധ ഉണ്ടാവാതിരിക്കാനായിരുന്നു ഈ നീക്കം. ഇത് പിന്നാലെ എല്ലാ ആവശ്യങ്ങൾക്കും മാതാപിതാക്കളെ ആശ്രയിക്കേണ്ടി വന്നു ലൂയിസിന്. നടക്കാനും പാചകം ചെയ്യാനും അങ്ങനെ എല്ലാത്തിനും അവൾക്ക് മാതാപിതാക്കളുടെ സഹായം വേണ്ടി വന്നു.
റീഹാബിലിറ്റേഷന് ഇടയിലാണ് ലൂയിസിന്റെ ജീവിതത്തിൽ വഴിത്തിരവായ ഒരു സംഭവം നടന്നത്. പ്രോസ്ത്തറ്റിക്ക് ലിമ്പുകൾ ഉപയോഗിക്കാമെന്ന തീരുമാനമെടുത്തതിന് പിന്നാലെ തന്റെ വിരലുകളുമായി സാമ്യമുള്ള വിരലുകളുള്ള ഒരു ടെക്നീഷ്യനെ അവൾ പരിചയപ്പെടുന്നത്. ഈ അപൂർവ സാമ്യത ഉപയോഗിച്ച് സ്പെഷ്യലിസ്റ്റുകളുടെ സഹായത്തോടെ യഥാർത്ഥ കൈകൾ പോലുള്ളവ നിർമിച്ചു. ഇപ്പോൾ അവ ഉപയോഗിച്ചാണ് ലൂയിസ് ജീവിക്കുന്നത്. തന്റെ ജീവൻ തന്നെ നഷ്ടപ്പെടാമായിരുന്ന അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ലൂയിസ് ഇപ്പോൾ.
Content Highlights: UK woman experience septic shock lost fingers on both hands and legs