തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മുന്നോട്ട് വച്ച ഒരു നിർദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും വാർത്താ മാധ്യമങ്ങളു അടക്കം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെലങ്കാന റൈസിങ് ഗ്ലോബൽ സമ്മിറ്റിന് ആഗോള ശ്രദ്ധ നേടാൻ ഹൈദരാബാദിലെ പ്രധാനപ്പെട്ട ഒരു റോഡിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പേര് നൽകാമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. സംസ്ഥാനം പ്രതീക്ഷയോടെ കാണുന്ന ഒരു അന്താരാഷ്ട്ര പരിപാടിയാണിത്.
നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലലിലേക്കുള്ള പ്രധാന റോഡിന് ഡോണാൾഡ് ട്രംപ് അവന്യു എന്ന് പേര് നൽകാമെന്നാണ് തീരുമാനം. യുഎസിൽ നിന്നുള്ള ഒരു സിറ്റിങ് പ്രസിഡന്റിന് ലോകത്തിലാദ്യമായാകും ഇങ്ങനെയൊരു ആദരം ലഭിക്കുക എന്നാണ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വങ്ങളെ മാത്രമല്ല ടെക് ഭീമന്മാർ, ബിസിനസ് രംഗത്തെ പ്രമുഖന്മാർ എന്നിവരുടെയെല്ലാം പേരുകൾ ഉപയോഗിച്ചുള്ള നാമകരണങ്ങൾ ഒരു വശത്ത് തകൃതിയായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇവയിൽ ചിലത് ഗൂഗിൾ സ്ട്രീറ്റ്, മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷൻ എന്നിവയാണ്. പത്മഭൂഷൺ രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. നെഹ്റു ഔട്ടർ റിങ് റോഡിനെ രാവിര്യാലയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന് രാവിര്യാല ഇന്റർചെയ്ഞ്ച് എന്നാണ് പേര് നൽകിയിട്ടുള്ളത്.
ലോക നേതാക്കളുടെയും പ്രധാന കമ്പനികളുടെയും പേര് നൽകുക വഴി രണ്ട് ഗുണങ്ങളാണ് ഉണ്ടാവുകയെന്നാണ് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്. ലോകമറിയുന്ന നാമങ്ങൾ നൽകുന്നത് ആദരത്തിന്റെ ഭാഗമാകുന്നതിനൊപ്പം അത് ഹൈദരാബാദിനെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സഹായിക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
അതേസമയം ഹൈദരാബാദിന്റെ പേര് പഴയത് പോലെ ഭാഗ്യനഗർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡിയെ വിമർശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി ബണ്ടി സഞ്ജയ് കുമാർ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിന് പേരുമാറ്റണമെന്നത് നിർബന്ധമാണെങ്കിൽ അത് ചരിത്രം അറിഞ്ഞും അർഥവത്തുമായതാവണമെന്നാണ് മന്ത്രിയുടെ വിമർശനം.
Content Highlights: Telegana to name road after Donald Trump