മാളിനുള്ളിലോ, വിമാനത്താവളത്തിലോ ആശുപത്രിയിലോ ഓഫീസിലൊ… ഏതൊരു പബ്ലിക് ടോയ്ലറ്റില് പോയാലും ശ്രദ്ധിച്ചിട്ടില്ലേ ടോയ്ലറ്റിന്റെ വാതിലുകള് നിലത്ത് സ്പര്ശിക്കാറില്ല. എന്തുകൊണ്ടായിരിക്കും പൊതു ടോയ്ലറ്റ് ഇങ്ങനെ നിര്മ്മിച്ചിരിക്കുന്നത്. വര്ഷങ്ങളായി ഒരു മാറ്റവുമില്ലാതെ കണ്ടുവരുന്ന കാര്യമാണിത്. ഇത് സ്വകാര്യത ലംഘിക്കുന്ന കാര്യമാണെന്ന് പല ആളുകളും പറയുന്നുണ്ട്. എന്നാല് ശുചിമുറിയുടെ അടിയിലുള്ള ഏതാനും ഇഞ്ച് വിടവുള്ള ഈ സ്ഥലം സുരക്ഷ മുതല് ശുചിത്വം വരെയുളള കാര്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്.
തിരക്കേറിയ സ്ഥലങ്ങളിലെ പൊതു ശൗചാലയങ്ങള് ദിവസത്തില് പല തവണ വൃത്തിയാക്കേണ്ടിവരുന്നു. വാതിലുകള്ക്ക് താഴെയുളള വിടവ് ക്ലീനര്മാരെ ഓരോ വാതിലും തുറക്കാതെതന്നെ അടിച്ചും തുടച്ചും വൃത്തിയാക്കാന് സഹായിക്കുന്നു. വെള്ളം എളുപ്പത്തില് ഒഴുകി പോകാന് സഹായിക്കുന്നു. തറ ഉണങ്ങിയതും വൃത്തിയുള്ളതും ദുര്ഗന്ധമില്ലാത്തതുമായി നിലനിര്ത്തുന്നു. നൂറ് കണക്കിന് ആളുകള് ദിവസവും ഉപയോഗിക്കുന്ന പൊതു ടോയ്ലറ്റ് ഇത്തരത്തില് നിര്മ്മിച്ചിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
ശുചി മുറികളില്വച്ച് അടിയന്തിര സാഹചര്യങ്ങള് ഉണ്ടാകുന്നത് അപൂര്വ്വമാണ്. എങ്കിലും ആരെങ്കിലും ബോധരഹിതരാവുകയോ വഴുതി വീഴുകയോ ചെയ്താല് മറ്റുളളവര്ക്ക് ശ്രദ്ധ ലഭിക്കാന് വാതിലിലെ ഈ വിടവ് സഹായിക്കും. മാത്രമല്ല ശുചിമുറിക്കുള്ളില് വച്ച് ലോക്കായാല് ആളുകളെ സുരക്ഷിതമായി പുറത്ത് കടത്താനും ഇത് സഹായിക്കും. ദുരുപയോഗ സാധ്യത കുറയ്ക്കാനും പുകവലി അല്ലെങ്കില് കേടുപാടുകള് വരുത്തല് പോലെയുള്ള തെറ്റായ കാര്യങ്ങള്ക്ക് പൊതു ടോയ്ലറ്റുകള് ഉപയോഗിക്കുന്ന് തടയാനും വാതിലിന്റെ ഈ നിര്മ്മാണ രീതിക്ക് കഴിയും.
നിരവധി പൊതു ശൗചാലയങ്ങള് ഉള്ള മാളുകള് പോലെയുളള സ്ഥലങ്ങളില് അറ്റകുറ്റപണികളുടെ ചെലവ് കുറയ്ക്കേണ്ടത് പ്രധാനമാണ്. നീളമുള്ള വാതിലുകള് വിലയേറിയതും ഭാരമുള്ളതുമാണ്. കൂടാതെ വെള്ളവും ക്ലീനിംഗ് ഉല്പ്പന്നങ്ങളും വാതിലിന് കേടുപാടുണ്ടാക്കും. എന്നാല് നീളം കുറഞ്ഞ വാതിലുകള് കൂടുതല് കാലം നിലനില്ക്കും. വായു സഞ്ചാരവും വെളിച്ചവും കടക്കുന്നതും ദുര്ഗന്ധം തങ്ങിനില്ക്കാത്തതുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ചുരുക്കത്തില് പബ്ലിക് ടോയ്ലറ്റിന്റെ താഴെയുള്ള വിടവ് ഡിസൈനിലെ പോരായ്മയല്ല. ഇതൊരു സ്മാര്ട്ട് , ഫംങ്ഷണല് സവിശേഷതയാണ്.
Content Highlights :Public toilet doors don't touch the floor; do you know why?