വിളിക്കുന്നവരുടെ സമ്മതമില്ലാതെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറുണ്ടോ? എന്നാല്‍ പണി കിട്ടും

സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ വിളിക്കുമ്പോള്‍ അവരുടെ സമ്മതമില്ലാതെ സംഭാഷണം റെക്കോര്‍ഡ് ചെയത് വയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. നിയമം പറയുന്നത് എന്താണെന്നറിയാം

ചിലരൊക്കെ അങ്ങനെയാണ്. അവരെ ആരെങ്കിലും ഫോണ്‍ ചെയ്താല്‍ വിളിക്കുന്നവര്‍ സംസാരിക്കുന്നതെല്ലാം അവര്‍ റെക്കോര്‍ഡ് ചെയ്ത് വയ്ക്കും. അത് മാത്രമല്ല ഈ സംഭാഷണങ്ങള്‍ ഉപയോഗിച്ച് പങ്കാളികളെയും സുഹൃത്തുക്കളെയുമൊക്കെ ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്‍ എന്തും റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഇക്കാലത്ത് മനുഷ്യന്റെ സ്വകാര്യതയ്ക്ക് വിലയില്ല എന്ന് പൂര്‍ണ്ണമായും കരുതേണ്ടതില്ല.

ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍? നിയമ വശങ്ങള്‍ ഇങ്ങനെ

ഒരാളുടെ സമ്മതമില്ലാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് നിയമപ്രകാരം ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നില്ല എങ്കിലും ആ സംഭാഷണം ഒരാളെ ഭീഷണിപ്പെടുത്താനോ അപകീര്‍ത്തിപ്പെടുത്താനോ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിങ്ങളുടെ സംഭാഷണം ഒരാള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ അടുത്തുളള പൊലീസ് സ്‌റ്റേഷനിലോ സൈബര്‍ പൊലീസ് വിഭാഗത്തിലോ പരാതി നല്‍കാം. www.cybercrime.gov.in എന്ന സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും പരാതികള്‍ സമര്‍പ്പിക്കാം.

നിയമവകുപ്പുകള്‍ എന്തൊക്കെ

2000 ലെ ഐടി ആക്ടിലെ സെഷന്‍ 66E

ഒരാളുടെ സ്വകാര്യ സംഭാഷണമോ ഫോട്ടോയോ വീഡിയോയോ അയാളുടെ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുകയോ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്യുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവോ 2 ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

BNS (ഭാരതീയ ന്യായ സന്‍ഹിതയുടെ) 2023 ലെ 77ാം വകുപ്പ്

ഒരു സ്ത്രീയുടെ സ്വകാര്യ സംഭാഷണം,ഫോട്ടോ, വീഡിയോ എന്നിവ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുകയോ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ എവിടെയെങ്കിലും പങ്കുവയ്ക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ആദ്യ കുറ്റത്തിന് 3 വര്‍ഷം വരെ തടവും പിഴയും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

ഭാരതീയ നാഗരിക് സുരക്ഷാസന്‍ഹിതയുടെ (CRPC) 79ാം വകുപ്പ്

ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്ന ഒരു വാക്കോ ആംഗ്യമോ പ്രവര്‍ത്തിയോ 3 വര്‍ഷംവരെ തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (CRPC) 351ാം വകുപ്പ്

ഈ നിയമം അനുസരിച്ച് റെക്കോര്‍ഡ് ചെയ്ത സംഭാഷണം ഒരാളെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാം. ഭീഷണിക്ക് ഇരയായ വ്യക്തി ഒരു സ്ത്രീയോ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ആളോ ആണെങ്കില്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാം.

ഭാരതീയ നാഗരിക് സുരക്ഷാസന്‍ഹിതയുടെ (CRPC) 356ാം വകുപ്പ്

മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഓഡിയോ, വീഡിയോ ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ പങ്കിടുന്നത് 2 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Content Highlights :Do you record phone conversations without the caller's consent? Find out what the legal implications are.

To advertise here,contact us