മോഷ്ടാക്കാളുടെ ക്രൂരമായ ആക്രമണത്തിൽ തൊഴിലാളിക്ക് കാൽ നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജെനിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന ഇയാൾ രാത്രി പണി പൂർത്തിയാക്കി വരുന്നതിനിടെയാണ് നാല് പേരെത്തി ആക്രമിച്ചതും കയ്യിലുള്ള 500 രൂപ കൈക്കലാക്കിയതും.
ഈ അക്രമകാരികൾ ഇയാളെ റെയിൽവേ പാളത്തിലേക്ക് ചവിട്ടി നിർത്തുകയും ഇതിനിടെ ട്രെയിൻ എത്തുകയുമായായിരുന്നു. ബോധം വന്നപ്പോൾ തന്റെ മുട്ടിന് താഴേക്കുള്ള ഭാഗം അറ്റുപോയിരിക്കുന്നതായി കണ്ടുവെന്നും ഏറെ നേരം നിലവിളിച്ചെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്നും ലഖാ എന്ന യുവാവ് പറയുന്നു.
രണ്ട് മണിക്കൂറിന് ശേഷം പൊലീസെത്തി ഇയാളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അറ്റുപോയ കാൽഭാഗം എടുക്കാൻ പൊലീസ് തയ്യാറായില്ല. കാലിന്റെ ഭാഗം കൂടി ആംബുലൻസിൽ കയറ്റാനായി പല തവണ അപേക്ഷിച്ചെങ്കിലും പൊലീസ് കേൾക്കാൻ തയ്യാറായില്ലെന്ന് ലഖാ പറയുന്നു. എൻഡിടിവിയ്ക്ക് നൽകിയ പ്രതികരണത്തിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നേരിട്ട കടുത്ത അവഗണനയെ കുറിച്ച് ഇയാൾ തുറന്നു പറഞ്ഞിരിക്കുന്നത്.
ആശുപത്രിയിൽ എത്തിയ ശേഷവും പൊലീസിനോട് പല തവണ കാലിന്റെ കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അടുത്ത ദിവസം രാവിലെ മറ്റൊരു സംഘം പൊലീസ് എത്തുകയും ഇവരോട് ട്രാക്കിന് അടുത്ത് കിടക്കുന്ന കാലിന്റെ ഭാഗത്തെ കുറിച്ച് ഇയാൾ പറയുകയുമായിരുന്നു. ഇവർ പിന്നീട് പോയി അത് എടുത്തുകൊണ്ടുവന്നു. പക്ഷെ അപ്പോഴേക്കും പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നതിനാൽ ആ ഭാഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ കഴിയുമായിരുന്നില്ല.
പൊലീസ് ഈ സംഭവത്തിൽ കൃത്യമായ പ്രതികരണം നൽകാൻ തയ്യാറായിട്ടില്ല. ലഖായ്ക്കെതിരെ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് തങ്ങൾക്ക് അന്വേഷിച്ചപ്പോൾ വ്യക്തമായതെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ അറ്റുപോയ കാലിന്റെ ഭാഗം ആശുപത്രിയിൽ എത്തിക്കാൻ എന്തുകൊണ്ട് ഇത്ര വൈകി എന്നതിനും പൊലീസിന് മറുപടിയില്ല. തെളിവ് കൊണ്ടുവന്നാൽ അന്വേഷിക്കാം എന്ന് മാത്രമാണ് പൊലീസ് നൽകുന്ന മറുപടി എന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: A man Madhyapradesh loses leg during robbery, police refuse to take limp to hospital