മുംബൈയിലെ പവൈ നഗരത്തില് പട്ടാപ്പകല് 17 കുട്ടികളെയും രണ്ട് മുതിര്ന്നവരെയും ബന്ദികളാക്കിയ സംഭവത്തില് പ്രതിയായ രോഹിത് ആര്യയുടെ പദ്ധതിയുടെ വിശദാംശങ്ങള് പുറത്ത്. വെബ് സീരിസിനെന്ന് പറഞ്ഞ് രോഹിത് കുട്ടികളെ ബന്ദികളാക്കിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. സര്ക്കാരിനോടുള്ള പ്രതിയുടെ പ്രതികാര നടപടിയായായിരുന്നു ഇതെന്നാണ് സംശയം. മഹാരാഷ്ട്ര സര്ക്കാരിന്റെ വിദ്യാഭാസ പദ്ധതിയില് പങ്കാളിയായിരുന്നു പ്രതി രോഹിത് ആര്യ. പദ്ധതിക്കായി ഇയാള് ചെലവാക്കിയ 2.5 കോടി രൂപ തിരികെ ലഭിച്ചില്ലെന്ന് ആരോപിക്കുന്ന വീഡിയോ സംഭവത്തിന് പിന്നാലെ ചര്ച്ചയാവുകയായിരുന്നു. പിന്നാലെ ദിവസങ്ങള് നീണ്ട് നിന്ന ആസൂത്രണങ്ങള്ക്ക് ശേഷമാണ് ഇയാള് ഈ കുറ്റകൃത്യം നടത്താന് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബന്ദികളാക്കിയ കുട്ടികളെ രക്ഷിക്കാനുള്ള പൊലീസ് നടപടിക്കിടെ വെടിയേറ്റ പ്രതി രോഹിത് ആര്യയ്ക്ക് ജീവൻ നഷ്ടമായിരുന്നു.
ദിവസങ്ങള് നീണ്ട് നിന്ന പദ്ധതി
കഴിഞ്ഞയാഴ്ചയാണ് ബന്ദികളാക്കിയ കുട്ടികളോട് തന്റെ വെബ് സീരീസിൻ്റെ ഓഡീഷനായി എത്തി ചേരാന് രോഹിത് ആവശ്യപ്പെട്ടത്. പിന്നാലെ ഒക്ടോബര് 26 ന് ഷൂട്ടിംഗ് ആരംഭിച്ചതായി ബന്ധികളാക്കപ്പെട്ടിരുന്നവരില് ഒരാള് പറഞ്ഞു. ആദ്യമെല്ലാം ഒരു സിനിമ ഷൂട്ടിംഗ് പോലെ തന്നെ തോന്നിയെന്നും പിന്നീടാണ് അസാധാരണ പ്രവര്ത്തികള് ആരംഭിച്ചതെന്നും ഇവര് വെളിപ്പെടുത്തി. ആദ്യത്തെ മൂന്ന് ദിവസം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല് ചൊവാഴ്ചയോടെ ഷൂട്ടിംഗ് നടത്തുന്ന സ്റ്റുഡിയോയുടെ ഓരോ ജനാലകളിലും കുട്ടികളുടെ ചിത്രങ്ങള് പതിച്ച് മറയ്ക്കാന് തുടങ്ങുകയായിരുന്നു. ഷൂട്ടിംഗിന് വെളിച്ചം തടസമാകുന്നുവെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.
ദീര്ഘകാലത്തേക്കുള്ള ഭക്ഷണം കരുതി വെച്ചു
പ്രതിയായ രോഹിത് ദീര്ഘകാലത്തേക്കുള്ള ഭക്ഷണം സംഭരിച്ചു വെച്ചിരുന്നുവെന്നാണ് ബന്ദികളായിരുന്നവര് പറയുന്നത്. ഏതെങ്കിലും സാഹചര്യത്താല് തന്റെ പദ്ധതി നീണ്ട് പോയാല് ബന്ദികള്ക്കും തനിക്കും വേണ്ടി ഇയാള് കരുതി വെച്ചതാണ് ഈ ഭക്ഷണം. ഇതിന് പുറമെ ആരെങ്കിലും വാതില് പൊളിച്ച് അകത്ത് കടക്കാനോ മറ്റോ ശ്രമിച്ചാല് മനസിലാക്കാനായി വാതിലില് മോഷന് സെന്സറുകള് ഘടിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
സിസിടിവി ക്യാമറകള്
സ്റ്റുഡിയോയിലേക്ക് വരുന്ന വഴികളിലും മറ്റ് സമീപത്തെ പ്രധാനയിടങ്ങളിലും ഇയാൾ സിസിടിവി ക്യാമറകള് സ്ഥാപിച്ചിരുന്നു. ഇവയുടെ ദൃശ്യങ്ങള് ഫോണിലൂടെ കാണാന് സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതിയിട്ടത്.
അഴിമതിക്കെതിരെ കലാപം നടത്തുന്ന സിനിമ
സംശയങ്ങളൊന്നും തോന്നാതിരിക്കാന് കൃത്യമായ ഷൂട്ടിംഗ് രീതികളും പ്രതി പിന്തുടര്ന്നിരുന്നു. അഴിമതിക്കെതിരെ പോരാടുന്ന ഒരു കൂട്ടം കുട്ടികളുടെ സിനിമയാണ് എന്ന് പറഞ്ഞാണ് ഷൂട്ടിംഗ് ആരംഭിച്ചത്. തന്റെ സഹായിയായ റോഹന് രാജ് അഹേറിനോടും ഇതേ കഥ തന്നെ പറഞ്ഞാണ് രോഹിത് വിശ്വസിപ്പിച്ചത്. സിനിമയില് കുട്ടികളേ തട്ടികൊണ്ട് പോകുന്ന സീനുണ്ടെന്ന് പറഞ്ഞ് പിന്നാലെ ഇവരുടെ വായും കൈയ്യുമെല്ലാം ഇയാള് മൂടി കെട്ടുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് കുട്ടികള് പുറത്തേയ്ക്ക് വരാത്തതിൽ ആശങ്കപ്പെട്ട മാതാപിതാക്കൾക്ക് കുട്ടികളെ ബന്ദികളാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ ഇയാൾ പങ്കുവെയ്ക്കുകയായിരുന്നു.
പെട്രോളും പടക്കങ്ങളും സൂക്ഷിച്ചു
രോഹിത് സഹായിയായ അഹറിനോട് 5 ലിറ്റര് പെട്രോളും പടക്കവും ഷൂട്ടിംഗിനായി കൊണ്ടുവരാന് ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. എന്നാല് കുട്ടികളെ ബന്ദികളാക്കിയെന്ന് അറിഞ്ഞപ്പോള് താന് താഴത്തെ മുറിയിലായിരുന്നുവെന്നും വിവരം അറിഞ്ഞ് ചെന്ന് ഗ്ലാസ് വാതില് തള്ളി പൊളിച്ച് അകത്ത് കയറാന് ശ്രമിച്ചപ്പോള് തനിക്ക് നേരെ രോഹിത് എയര്ഗണ് ചൂണ്ടിയെന്നും അഹര് വെളിപ്പെടുത്തി. പ്രതിക്ക് സമീപം ഈ സമയം അഞ്ച് കുട്ടികളെയോളം കാണാമായിരുന്നുവെന്നും തറയിലെല്ലാം തീ പടരാന് സാധ്യതയുള്ള വസ്തുക്കള് വിതറിയിരുന്നുവെന്നും ഇയാള് വ്യക്തമാക്കി.
ഈ കഴിഞ്ഞ ഒക്ടോബര് 30 നായിരുന്നു രോഹിത് കുട്ടികളെ ബന്ദികളാക്കിയത്. ഇയാള് ബന്ദികളാക്കിയ കുട്ടികളെല്ലാം പതിനേഴ് വയസ്സിന് താഴെ ഉളളവരായിരുന്നു. ഏറെ നേരം എല്ലാവരെയും മുള്മുനയില് നിര്ത്തിയ ഇയാളില് നിന്നും പൊലീസ് തന്ത്രപൂര്വ്വം കുട്ടികളെ രക്ഷിക്കുകയായിരുന്നു. അതിനിടെ പൊലീസ് വെടിവെയ്പ്പില് പരിക്കേറ്റ രോഹിത് ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചു. പണത്തെചൊല്ലി രോഹിത് നേരത്തെ തന്നെ മഹാരാഷ്ട്ര മുന് വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്ക്കറിന്റെ വീടിന് മുന്നില് പ്രതിഷേധിക്കുകയും നിരാഹാരമിരിക്കുകയും ചെയ്തിരുന്നു. പ്രശ്നത്തില് പരിഹാരം ആകാത്തതില് അസ്വസ്ഥനായ ഇയാള് ദീപക് കേസര്ക്കറിനെ നേരില് കാണാനാണ് കുട്ടികളെ ബന്ദികളാക്കിയതെന്ന് സംശയിക്കുന്നു.
Content Highlights- Mumbai kidnapping case unravels