കേന്ദ്രമന്ത്രിയുടെ മുന്നില്‍ നുള്ളിയും കൈമുട്ടിനിടിച്ചും വനിതാ ഓഫീസര്‍മാരുടെ 'ഏറ്റുമുട്ടല്‍'; വീഡിയോ വൈറല്‍

ഒരു ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ചെറിയ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടായിരുന്നു

നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത തൊഴില്‍ മേളയ്ക്കിടയില്‍ പരസ്പരം പിച്ചിയും കൈമുട്ടുകൊണ്ടിടിച്ചും ഏറ്റുമുട്ടി സീനിയര്‍ വനിതാ ഉദ്യോഗസ്ഥമാര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇരുവരും പോസ്റ്റല്‍ഡിപ്പാര്‍ട്ട്‌മെന്റിലെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍മാരാണ്.

വന്‍ജനാവലിക്ക് മുമ്പിലായിരുന്നു ഇരുവരുടെയും വഴക്കുകൂടല്‍. ഒരു ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ ചെറിയ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോയില്‍ ഓറഞ്ച് സാരിയില്‍ കാണുന്ന ശോഭാ മാധാലേ എന്ന ഉദ്യോഗസ്ഥ നാഗ്പൂര്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലായിരുന്നു. അവരെ ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിന് കര്‍ണാടകയിലെ ഘര്‍വാധിലേക്ക് സ്ഥലം മാറ്റി. ഇടക്കാലത്തേക്ക് നാഗപൂരിന്റെ ചുമതല ഏല്‍ക്കേണ്ടി വന്നത് സുജിത ജോഷിക്കാണ്(വീഡിയോയില്‍ ഗ്രേ സാരി ഉടുത്ത സ്ത്രീ). എന്നാല്‍ ശോഭാ മാധാലേ സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും ട്രാന്‍സ്ഫര്‍ നടപടിയില്‍ സ്റ്റേ നേടിയെടുക്കുകയും ചെയ്തു. ഇതോടെ നാഗ്പൂര്‍ പോസ്റ്റില്‍ ഇവര്‍ തന്നെ തുടരണമെന്നായി. ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ നിലനിന്നിരുന്നു.

മന്ത്രി പങ്കെടുത്ത തൊഴില്‍ മേളയില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ഒരേ സീറ്റിലിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതില്‍ ശോഭ മാധാലേ സുജിതാ ജോഷിയെ തള്ളുന്നതും നുള്ളുന്നതും സീറ്റ് മാറാന്‍ ആംഗ്യം കാണിക്കുന്നതും വ്യക്തമാണ്. തിരിച്ച് സുജിതാ ജോഷിയും കൈ തള്ളിമാറ്റുന്നുണ്ട്. വേദിയിലില്‍ ഇവരുടെ സംസാരം ശ്രദ്ധിക്കുന്ന മന്ത്രിയെയും കാണാം. വീഡിയോയ്ക്ക് താഴെ ഇരുവര്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. സംഭവത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Women officials spat infront of Union Minister goes viral

To advertise here,contact us