പ്രശസ്തനായ പ്രതിരോധ തന്ത്രജ്ഞൻ, ഇന്ത്യ - അമേരിക്ക വിദഗ്ധൻ, നയരൂപീകരണ വിദഗ്ധൻ അങ്ങനെ വ്യത്യസ്തമായ വേഷങ്ങൾ കൃത്യതയോടെ കൈാര്യം ചെയ്തിരുന്ന ഇന്ത്യൻ വംശജൻ ആഷ്ലി ടെല്ലിസ് അമേരിക്കയിൽ അറസ്റ്റിൽ. ദേശീയ സുരക്ഷാ വിവരങ്ങൾ അനധികൃതമായി കൈവശം വെച്ചെന്ന കുറ്റംചുമത്തിയാണ് ടെല്ലിസിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ചൈനീസ് ബന്ധവും ടെല്ലിസിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ അറസ്റ്റിലായ ആഷ്ലിക്കെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുറ്റം ചുമത്തിയത്.
ടെല്ലിസിന്റെ വിയന്ന, വിർജീനിയ എന്നിവിടങ്ങളിലെ വസതികളിൽ പരിശോധനകൾ നടത്തിയപ്പോൾ അതീവരഹസ്യ സ്വഭാവമുള്ള ക്ലാസിഫൈഡ് രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് എഫ്ബിഐയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സെപ്തംബറിലും ഒക്ടോബറിലും പ്രതിരോധ വകുപ്പിന്റെ ഓഫീസുകളിൽ പ്രവേശിച്ച് സൈനിക വിമാനവുമായി ബന്ധപ്പെട്ട രേഖകളുൾപ്പെടെ പ്രിന്റെടുത്ത് ഒരു ലെതൽ ബ്രീഫ്കേസുമായി ഇയാള് കാറിൽ കടന്നുകളഞ്ഞെന്നും സത്യവാങ്മൂലത്തിലുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇയാൾ ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനും തെളിവുകളുണ്ട്. ഇക്കഴിഞ്ഞ സെപ്തംബറിൽ കയ്യിലൊരു കവറുമായി വിർജീനിയയിലെ ഫെയർഫാക്സിലെ ഒരു റെസ്റ്റോറന്റിലെത്തി ചിലരുമായി കൂടിക്കാഴ്ച നടത്തി ഇയാൾ മടങ്ങി. മടങ്ങുമ്പോള് ഇയാളുടെ കൈയിൽ ആ കവർ ഉണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് റോയിട്ടേഴ്സിനോട് ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തുടർനടപടികളെ കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയ്യാറായിട്ടില്ല. ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് പത്തുവർഷത്തെ ജയിൽവാസവും 2,50,000ഡോളർ പിഴയും ടെല്ലിസിന് ലഭിക്കുമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടി നേതാവും അമേരിക്കയുടെ മുൻ പ്രസിഡന്റുമായിരുന്ന ജോർജ് ഡബ്ല്യു ബുഷിന്റെ ദേശീയ സുരക്ഷ കൗൺസിലിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് 64കാരനായ ആഷ്ലി ടെല്ലിസ്.സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൽ വേതനം പറ്റാത്ത ഉപദേശകനായും പെന്റഗൺ കോൺട്രാക്ടറായും സേവനം അനുഷ്ഠിച്ച് വരികയാണ് ആഷ്ലി ടെല്ലിസ്. ചിക്കാഗോ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി നേടിയ ടെല്ലിസ് മുംബൈയിലാണ് ജനിച്ചത്.
ബോംബേ സർവകലാശാലയിൽ നിന്നും ബിഎ, എംഎ ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുള്ള ടെല്ലിസ് പൊളിറ്റിക്കൽ സയൻസിൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎയും കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുള്ള ടെല്ലിസ് വാഷിങ്ടൺ പോളിസി ഗ്രൂപ്പിൽ ഇരുപത് വർഷത്തോളം സ്ട്രാറ്റജി വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ സ്റ്റോറ്റ് ഡിപ്പാർട്ട്മെന്റിൽ നിയമിതനായ ഇയാൾ നിരവധി സർക്കാരുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ജോർജ് W ബുഷിന്റെയും ട്രംപിന്റെയും ഭരണകാലവും ഉൾപ്പെടും.Content Highlights: Let's know about Ashley Tellis arrested by FBI