'പാകിസ്താനികൾ ഇനിയെങ്ങനെ ഷേവ് ചെയ്യും'! ആ കമ്പനിയും രാജ്യം വിടുന്നു; ആശങ്ക ശക്തം

ദിവസേന ഉപയോഗിക്കേണ്ടി വരുന്ന സാധനങ്ങൾ പോലും ലഭിക്കാത്ത ഒരു രാജ്യത്ത് കഴിയേണ്ടി വരുന്ന ദുരവസ്ഥയില്‍ പാകിസ്താനികള്‍

ദിവസേന ഉപയോഗിക്കേണ്ടി വരുന്ന സാധനങ്ങൾ പോലും ലഭിക്കാത്ത ഒരു രാജ്യത്ത് കഴിയേണ്ടി വരുന്ന ഗതികേട് എന്തായിരിക്കുമെന്ന ആശങ്കയിലാണ് നിലവിൽ പാകിസ്താനികൾ. മൾട്ടിനാഷണൽ കമ്പനികൾ ഒന്നൊന്നായി പാകിസ്താൻ ഉപേക്ഷിക്കുന്ന അവസ്ഥ തുടരുന്നതിനിടയിൽ പ്രോക്ടർ ആൻഡ് ഗാമ്പിളും മറ്റുള്ളവരുടെ പാത പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലറ്റ് റേസർ, ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് ഷാംപൂ എന്നിവയുടെ നിർമാതാക്കളായ പി ആൻഡ് ജി പാകിസ്താൻ വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

സാമ്പത്തികമായി വൻ വെല്ലുവിളിയാണ് പാകിസ്താൻ നേരിടുന്നത്. കമ്പനികളെല്ലാം രാജ്യം വിടുന്നത് തുടരുന്നതോടെ പേർസണൽ കെയർ ഐറ്റംസ് ഉൾപ്പെടെയുള്ളവയുടെ ലഭ്യതയെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം ആശങ്ക പ്രകടിപ്പിച്ച് ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് പാകിസ്താനിലെ നിരവധി നഗരങ്ങളിൽ സൗജന്യ ധാന്യപ്പൊടി വിതരണത്തിനിടെ ഉണ്ടായ സംഘർഷം ഏറെ ചർച്ചയായിരുന്നു. ഇത് പാകിസ്താനിലെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതാണെന്നായിരുന്നു റിപ്പോർട്ടുകൾ. അതിന് ശേഷവും പാകിസ്താനിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിർമാണ വാണിജ്യ പ്രവർത്തനങ്ങളെല്ലാം പി ആൻഡ് ജി അവസാനിപ്പിച്ചിട്ടുണ്ട്. ഇതിലാണ് റേസർ നിർമാണവും ഉൾപ്പെടുന്നത്. കമ്പനിയുടെ പ്രഖ്യാപനം വന്നതോടെ ഇനി സോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ. 1991ലാണ് പാകിസ്താൻ വിപണയിലേക്ക് പ്രോക്ടർ ആൻഡ് ഗാമ്പിളിന്റെ പ്രവേശനം. വളരെ പെട്ടെന്ന് തന്നെ വിപണി കീഴടക്കാനും അവർക്ക് കഴിഞ്ഞു. വിവിധതരം ഉത്പന്നങ്ങളുമായി അവർ മികച്ച രീതിയിൽ മുന്നേറുന്നതിനിടയിൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ്, പാന്റീൻ, ടൈഡ്, ഓറൽ ബി, ജില്ലെറ്റ്, ഓൾഡ് സ്‌പൈസ്, ഏരിയൽ എന്നിവയെല്ലാം സാധാരണക്കാരുടെ പ്രിയപ്പെട്ട സാധനങ്ങളായി മാറുകയും ചെയ്തു. എന്നാൽ ഏതെങ്കിലും തേഡ് പാർട്ടിയുമായി ചേർന്ന് സാധനങ്ങൾ വിതരണം ചെയ്യുകയല്ലാതെ മറ്റൊരു പ്രവർത്തനവും പാകിസ്താനിൽ ഉദ്ദേശിക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇവിടെയുണ്ടായിരുന്ന ജീവനക്കാർക്ക് പ്രത്യേക പാക്കേജുകളുമായി വിദേശത്ത് ജോലി നൽകാനാണ് കമ്പനി തീരുമാനം.

ഇത്തരം പിൻമാറ്റങ്ങൾ അധികാരികൾക്ക് രാജ്യത്ത് എല്ലാം നല്ലരീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ജില്ലെറ്റ് പാകിസ്ഥാൻ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സാദ് അമാനുള്ള ഖാൻ പ്രതികരിച്ചിട്ടുണ്ട്. ഭീമമായ വൈദ്യുതി ചാർജ്, ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ, നിയമങ്ങളുമായി ബന്ധപ്പെട്ട തലവേദനകൾ എന്നിവയാണ് കമ്പനികൾ പാകിസ്താൻ വിടാൻ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.Content Highlights: Pakistani's will suffer to shave, another exit of a multi national company

To advertise here,contact us