ജനുവരിയുടെ ആദ്യ ദിനങ്ങളില് പതിയെ താഴേക്ക് ഇറങ്ങിയ സ്വർണ വില രണ്ടാഴ്ച പിന്നിട്ടപ്പോള് റെക്കോർഡുകള് ഭേദിച്ചുകൊണ്ട് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന് പ്രസിഡന്റ് ട്രംപിന്റെ ഗ്രീന്ലാന്ഡ് പിടിച്ചെടുക്കല് ഭീഷണിയും അധിക തീരുവനയങ്ങളുമാണ് സ്വർണത്തിന്റെ കുതിപ്പിന് ഇന്ധനം പകർന്ന പ്രധാന ഘടകങ്ങള്. ഇതിന് ഇടയില് തന്നെയാണ് സ്വർണ വില ഈ നിലയില് തന്നെ മുന്നോട്ട് പോയെക്കാമെന്ന തരത്തിലുള്ള ഗോൾഡ്മാൻ സാക്സിന്റെ പ്രവചനവും പുറത്ത് വരുന്നത്.
2026 അവസാനത്തിലേക്കുള്ള തങ്ങളുടെ സ്വർണവില പ്രവചനം വലിയ തോതില് ഉയർത്തുകയാണ് ഗോൾഡ്മാൻ സാക്സ് ഇപ്പോള് ചെയ്തിരിക്കുന്നത്. മുമ്പ് ഔൺസിന് 4900 ഡോളറായിരുന്ന പ്രവചനം ബാങ്ക് ഇപ്പോൾ 5400 ഡോളറായി പുതുക്കിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ നിക്ഷേപകരും ഇമർജിംഗ് മാർക്കറ്റ് കേന്ദ്ര ബാങ്കുകളും ആഗോള നയപരമായ അപകടസാധ്യതകളെ നേരിടാൻ സ്വർണത്തിലേക്ക് വൈവിധ്യവൽക്കരണം തുടരുന്നതാണ് ഈ ഉയർച്ചയ്ക്ക് പ്രധാന കാരണമായി ഗോൾഡ്മാൻ സാക്സ് ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ നിക്ഷേപകർ 2026-ലും തങ്ങളുടെ സ്വർണ ഹോൾഡിംഗുകൾ വിൽക്കാതെ നിലനിർത്തുമെന്നും, ഇത് വില കൂടുതൽ ഉയർത്തുമെന്നും ബാങ്ക് കണക്കാക്കുന്നു. അതോടൊപ്പം, ഇമർജിംഗ് മാർക്കറ്റ് കേന്ദ്ര ബാങ്കുകൾ തങ്ങളുടെ റിസർവുകളിൽ സ്വർണത്തിന്റെ അംശം വർധിപ്പിക്കുന്നത് തുടരുമെന്നും, 2026-ൽ ശരാശരി 60 ടണ് സ്വർണം വാങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത് പോലെ വില ട്രോയ് ഔണ്സിന് 5400 ഡോളറിലേക്ക് എത്തുകയാണെങ്കില് ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ചാണെങ്കിലും കേരളത്തിലെ സ്വർണ വില പവന് 128000 ത്തിലേക്ക് എത്തിയേക്കും. രൂപയുടെ മൂല്യം ഇടിയുകയാണെങ്കില് അത് 130000 കടക്കാം.
അതേസമയം അന്താരാഷ്ട്ര വിപണിയില് നിലവിൽ സ്വർണവില ശക്തമായ കുതിപ്പ് തുടരുകയാണ്. ബുധനാഴ്ച സ്പോട്ട് ഗോൾഡ് ഔൺസിന് 4887.82 ഡോളർ എന്ന പുതിയ നിരക്കിലേക്ക് വില എത്തി. 2026-ൽ ഇതുവരെ 11 ശതമാനവും കഴിഞ്ഞ വർഷം 64 ശതമാനവും സ്വർണവില ഉയർന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രവചനം വന്നിരിക്കുന്നത്.
മറ്റൊരു പ്രമുഖ ബാങ്കായ കോമർസ്ബാങ്കും കഴിഞ്ഞ ആഴ്ച 2026 അവസാനത്തേക്ക് ഔൺസിന് 4,900 ഡോളർ എന്ന പ്രവചനം ഉയർത്തിയിരുന്നു. വർധിച്ച സേഫ്-ഹേവൻ ആവശ്യകതയും പലിശനിരക്ക് കുറയ്ക്കൽ സാധ്യതയും സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കേരളത്തില് ഇന്ന് സ്വർണ വിലയില് നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില് ഒറ്റ ദിവസം തന്നെ മൂന്നും നാലും പ്രാവശ്യമായി വര്ധിച്ച് നിന്ന വില ഇന്നലെ ഉച്ചയോടുകൂടി കുറയുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്നലെ ഏറ്റവും ഉയര്ന്ന വില 22 കാരറ്റ് 1 ഗ്രാമിന് 14,415 രൂപയും പവന് 1,15,320 രൂപയും ആയിരുന്നു. ചരിത്ര നിലവാരത്തിലാണ് വില കുതിച്ചുകയറിയത്. എന്നാല് ഉച്ചയ്ക്ക് ശേഷം വില അല്പ്പമൊന്ന് കുറഞ്ഞു.
വൈകുന്നേരം 4.30 ക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയും പവന് 840 രൂപ കുറഞ്ഞ് 1,14,840 രൂപയിലും എത്തിയിരുന്നു. ഇന്നും വിലയില് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലയില് തല്കാലം അല്പം കുറവുണ്ടെങ്കിലും ആശ്വസിക്കാന് വകയില്ലെന്നും വലിയ വിലക്കുറവുണ്ടാകാനിടയില്ലെന്നാണ് വിദഗ്ധര് പറയുന്നത്.
സംസ്ഥാനത്ത് ഇന്നത്തെ സ്വര്ണവില 22 കാരറ്റ് സ്വര്ണം ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമാണ്. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റിന് 1 ഗ്രാമിന് 11,625 രൂപയും ഗ്രാമിന് 93,000 രൂപയുമാണ് വിപണിവില. ഇന്നലെ ഗ്രാമിന് 1,795 രൂപയും പവന് 1,14,840 രൂപയുമായിരുന്നു. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഒരു ഗ്രാമിന് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് വിപണി വില.
Content Highlights: Goldman Sachs has increased its forecast for year-end 2026, projecting that gold rates in India may exceed Rs 1.30 lakh per Pavan