എത്ര പവൻ സ്വർണം വരെ വീട്ടിൽ സൂക്ഷിക്കാം ? പരിധി വിട്ടാൽ പണി കിട്ടുമോ ? നിയമവശം അറിയാം

വിലയിലെ കുതിപ്പ് തുടരുമ്പോഴും സ്വര്‍ണത്തിന്റെ ആവശ്യക്കാരില്‍ വലിയ കുറവൊന്നുമില്ലായെന്നത് ശ്രദ്ധേയമാണ്

ലക്ഷം ലക്ഷ്യമാക്കി സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പവന് 91,720 രൂപയാണ് വില വരുന്നത്. വിലയിലെ കുതിപ്പ് തുടരുമ്പോഴും സ്വര്‍ണത്തിന്റെ ആവശ്യക്കാരില്‍ വലിയ കുറവൊന്നുമില്ലായെന്നത് ശ്രദ്ധേയമാണ്. ഇത്രയും ഡിമാന്‍ഡുള്ളതാണ് സ്വര്‍ണമെങ്കിലും ഇപ്പോഴും പലര്‍ക്കും നിയമപരമായി എത്ര പവന്‍ വരെ വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന് അറിയില്ലായെന്നതാണ് വാസ്തവം. ഇന്ത്യയില്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന്റെ നിയമവശങ്ങളും പരിധിയുമെല്ലാം എന്തെല്ലാമാണെന്നും എത്രയൊക്കെയാണെന്നും അറിഞ്ഞിരിക്കാം.

വീട്ടില്‍ എത്ര പവന്‍ സ്വര്‍ണം വരെ സൂക്ഷിക്കാം ?

നമ്മുടെ രാജ്യത്ത് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നതിന് പരിധികളൊന്നും തന്നെയില്ലെന്നതാണ് വസ്തുത. എത്ര പവന്‍ സ്വര്‍ണം വേണമെങ്കിലും നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാം. എന്നാല്‍ അവ എവിടെ നിന്ന് വന്നുവെന്ന രേഖകള്‍ കൃത്യമായി കയ്യിലുണ്ടായിരിക്കണം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ നിര്‍ദേശമനുസരിച്ച് നിങ്ങളുടെ വരുമാനത്തില്‍ നിന്നോ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നോ പാരമ്പര്യമായി ലഭിച്ചതില്‍ നിന്നോ ആയ സ്വര്‍ണത്തിന് നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇതിനെല്ലാം അപ്പുറം, വരുമാന സ്രോതസിനേക്കാള്‍ കൂടിയ അളവില്‍ സ്വര്‍ണമുണ്ടായാല്‍ അത് അന്വേഷണവിധേയമാകും. സ്വര്‍ണത്തിന്‍റെയോ അത് വാങ്ങാന്‍ ചെലവഴിച്ച പണത്തിന്‍റെയോ വിവരങ്ങള്‍ കൃത്യമായ ഹാജരാക്കാനായില്ലെങ്കില്‍ അത് നടപടികളിലേക്ക് നയിച്ചേക്കാം.

വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്വര്‍ണത്തിന് കൃത്യമായ പരിധിയും നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. അവ എത്രയാണെന്ന് നോക്കാം:

വിവാഹിതരായ സ്ത്രീക്ക് കൈവശം വെക്കാന്‍ കഴിയുന്നത് 500 ഗ്രാം സ്വര്‍ണമാണ്. ഇനി അവിവാഹിതയായ സ്ത്രീക്ക് ഇത് 250 ഗ്രാമാണ്. അതേസമയം, വിവാഹിതനോ അവിവാഹിതനോ ആയ പുരുഷന് കൈവശം വെക്കാന്‍ സാധിക്കുന്നത് 100 ഗ്രാം സ്വര്‍ണമാണ്.

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഈ പരിധിക്ക് മുകളില്‍ സ്വര്‍ണം കെെവശം വെച്ചാല്‍ റെയ്ഡുകളോ പരിശോധനകളോ നടത്തുമ്പോള്‍ വീട്ടില്‍ നിന്ന് ഇവ കണ്ടുകെട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.

Content Highlights- How many pieces of gold can I keep at home? Know the legal side

To advertise here,contact us