കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഇന്ത്യയില് ഡിജിറ്റല് പണമിടപാട് രീതികള്ക്ക് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും കറന്സി നോട്ടുകളുടെ ഇടപാടും വ്യാപകമായി നടക്കുന്നുണ്ട്. നമ്മളെല്ലാവരും തന്നെ കറന്സി നോട്ടുകള് ഉപയോഗിക്കുന്നവരാണ്. എന്നാല് ഈ നോട്ടുകളൊക്കെ നിര്മ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?. അതിനെക്കുറിച്ച് അറിയാന് എല്ലാവര്ക്കും ജിജ്ഞാസയുമുണ്ടാകും.
ഇന്ത്യന് കറന്സി നോട്ടുകള് കടലാസുകൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നതെന്ന് നമ്മളില് പലരും വിശ്വസിക്കുന്നുണ്ട്. പക്ഷേ വാസ്തവം അതല്ല. ഇപ്പോള് പ്രചാരത്തിലുള്ള പല നോട്ടുകളും തേയ്മാനം മൂലം അഴുക്കാവുകയോ കീറുകയോ ചെയ്യാറുണ്ട്.
റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്ബിഐ) യുടെ റിപ്പോര്ട്ടുകള് പ്രകാരം നോട്ടുകള് അച്ചടിക്കാന് കടലാസല്ല 100 ശതമാനം കോട്ടണ് ഫൈബര് (പരുത്തി) ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതല് സുരക്ഷയെ മുന്നിര്ത്തിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. പേപ്പര് ഉപയോഗിച്ച് നിര്മ്മിക്കുന്ന നോട്ടുകളെ അപേക്ഷിച്ച് കോട്ടണ് ഫൈബര് ആണെങ്കില് കൂടുതല് ഈട് നില്ക്കുകയും ദൈനംദിന ഉപയോഗത്തില് നിന്ന് കേടുപാടുകള് സംഭവിക്കാനുളള സാധ്യത കുറയ്ക്കുന്നവയുമാണ്.
ഇന്ത്യന് കറന്സിയില് വിവിധ സുരക്ഷ അടയാളങ്ങള് ഉണ്ട്. ഇത് യഥാര്ഥ കറന്സിയും വ്യാജ കറന്സിയും തമ്മില് തിരിച്ചറിയാന് സഹായിക്കുന്നു. വെള്ളിനിറമുള്ള മെഷീന് റീഡബിള് ത്രെഡ്, റിസര്വ്വ് ബാങ്ക് സീല്, ആര്ബിഐ ഗവര്ണറുടെ ഒപ്പ്, വാട്ടര് മാര്ക്ക്, മൈക്രോ ലെറ്ററിംഗുകള് എന്നിവയെല്ലാം ഇതില് ഉള്പ്പെടുന്നു. ഇത്തരത്തിലുളള നോട്ടുകള് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ മാത്രമല്ല. അമേരിക്കയിലെ കറന്സിയും നിര്മ്മിക്കുന്നത് പരുത്തി ഉപയോഗിച്ച് തന്നെയാണ്. 75 ശതമാനം പരുത്തിയും 25ശതമാനം ലിനനും കലര്ന്ന മിശ്രിതം ഉപയോഗിച്ചാണ് അമേരിക്കയിലെ കറന്സി നോട്ടുകള് നിര്മ്മിച്ചിരിക്കുന്നത്.
Content Highlights :Many of us believe that Indian currency notes are made of paper. But that is not the case