ഹൈലൈറ്റിന്റെ കരുത്ത് ജീവനക്കാർ; 30-ാം പിറന്നാൾ ദിനത്തില്‍ സമ്മാനം നല്‍കിയത് സ്വപ്നവാഹനങ്ങൾ

കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാര്‍ക്കാണ് 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങള്‍ സമ്മാനമായി നല്‍കിയത്

30ാം വാര്‍ഷികാഘോഷ ചടങ്ങില്‍ റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടി രൂപയുടെ 47 കാറുകള്‍ ജീവനക്കാര്‍ക്ക് സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്.

കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാര്‍ക്കാണ് ആഡംബര കാറുകളടക്കം 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങള്‍ സമ്മാനമായി നല്‍കിയത്. റേഞ്ച് റോവറുകള്‍, ഔഡി ക്യൂ8, ലാന്‍ഡ് റോവര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, സ്‌കോഡ കൈലാക് തുടങ്ങിയ ജനപ്രിയ മോഡലുകളും ജീവനക്കാര്‍ക്ക് സമ്മാനിച്ചു. നിലവില്‍ പതിനായിരത്തോളം ജീവനക്കാരാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്.

ഇതോടൊപ്പം, 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് അറിയിച്ചു. ഈ പുതിയ പദ്ധതികളിലൂടെ കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. ഐടി പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, അത്യാധുനിക നഗരകേന്ദ്രങ്ങള്‍ എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടും.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും എക്കാലവും നിലനില്‍ക്കുന്ന മികച്ച ഇടങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ വ്യക്തമാക്കി.

Content Highlights: Kozhikode-based HiLITE Group gifts 47 cars worth ₹20 crore to employees

To advertise here,contact us